: മലപ്പുറം ജില്ലയിലൊഴികെ, പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്ത് അധികം കിടക്കുന്നത് 49,052 സീറ്റുകൾ. 2012-നുശേഷം ആദ്യമായാണ് ഇത്രയും സീറ്റുകൾ മിച്ചം വരുന്നത്. 5,05,328 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. ഇവരിൽ 3,87,721 പേർ മാത്രമാണ് ക്ലാസിൽ ചേർന്നത്.

പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽ സീറ്റ് തികയില്ലെന്ന് ആശങ്കയുണ്ടായിരുന്നു. അതിനാൽ ആദ്യം 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചു. പിന്നീട് ചില ജില്ലകളിൽ 10 ശതമാനം സീറ്റുകൾ കൂടി കൂട്ടി. ഇതോടെ 50 പേർ പഠിക്കേണ്ട ക്ലാസുകളിൽ 65 കുട്ടികൾ ഇരിക്കേണ്ട സ്ഥിതി വന്നു.

ഓഗസ്റ്റ് ആറിന് ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ അവസാനിപ്പിച്ചതാണ്. തുടർന്ന്, കുട്ടികൾ തീരെ കുറവുള്ള തെക്കൻ ജില്ലകളിലെ ഏഴ് സ്കൂളുകളിലെ പ്ലസ് വൺ ബാച്ചുകൾ മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവായി.

മലപ്പുറത്താണ് ഏറ്റവും കൂടുതൽ അപേക്ഷകരുണ്ടായിരുന്നത്. ബാച്ച് മാറ്റത്തെത്തുടർന്ന് മലപ്പുറത്ത് 520 മെറിറ്റ് സീറ്റുകൾ കൂടി ലഭിക്കും. ഈ സീറ്റുകളിലെല്ലാം പ്രവേശനം നടന്നാലും, ഇത്തവണ ഒഴിവുള്ള സീറ്റുകളുടെ എണ്ണം മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്.

വർഷം ഒഴിഞ്ഞു കിടന്ന സീറ്റുകൾ

2013 25,185

2014 38,962

2015 24,924

2016 33,443

2017 42,332

ഏകജാലകം വഴിയുള്ള ജനറൽ മെറിറ്റിൽ ഇത്തവണ ഒഴിഞ്ഞ് കിടക്കുന്നത് 17,139 സീറ്റുകളാണ്. മാനേജ്‌മെന്റ് ക്വാട്ട- 4249, അൺ എയ്ഡഡ് സീറ്റുകൾ- 27,664. ഈ മൂന്ന് വിഭാഗങ്ങളും ചേരുമ്പോഴാണ് ആകെ ഒഴിവുകൾ 49,052 ആകുന്നത്. മെറിറ്റിൽ ഏറ്റവും അധികം സീറ്റുകൾ മിച്ചമുള്ളത് പത്തനംതിട്ട ജില്ലയിലാണ് - 2,747 സീറ്റുകൾ. 108 സീറ്റുകൾ മാത്രം മിച്ചമുള്ള തിരുവനന്തപുരം ജില്ലയാണ് ഏറ്റവും പിന്നിൽ.

ജില്ലകളിൽ ഒഴിവുള്ള സീറ്റുകൾ (ബ്രാക്കറ്റിൽ മെറിറ്റ് സീറ്റുകൾ)

തിരുവനന്തപുരം 2683 (108)

കൊല്ലം 3124 (647)

പത്തനംതിട്ട 4613 (2747)

ആലപ്പുഴ 3192 (1789)

കോട്ടയം 3820 (2021)

ഇടുക്കി 2265 (1391)

എറണാകുളം 4697 (1684)

തൃശ്ശൂർ 4358 (1140)

പാലക്കാട് 3013 (692)

കോഴിക്കോട് 4059 (617)

മലപ്പുറം 5782 (580)

വയനാട് 937 (568)

കണ്ണൂർ 4160 (2074)

കാസർകോട് 2249 (1081)