തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പട്ടിക 20ന് രാവിലെ പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം 20 മുതല്‍ 22 വരെ നടക്കും.

അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളെല്ലാം നിര്‍ബന്ധമായി അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ 22ന് വൈകീട്ട് 5 മണിക്ക് മുന്‍പ് പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.

താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്.

ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കുക. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളെല്ലാം നിശ്ചിത സമയത്തിനുള്ളില്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

സ്‌പോര്‍ട്‌സ് ക്വാട്ട രണ്ടാം സ്‌പെഷല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് 21ന് രാവിലെ പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ ജൂണ്‍ 21നും 22നും ആയിരിക്കും. വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് റിസള്‍ട്ടിനോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രന്‍സിപ്പല്‍മാരോട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

അനധികൃത പിരിവിനെതിരെ നടപടി

സര്‍ക്കാര്‍ എയ്ഡഡ് പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതില്‍ ഉയര്‍ന്ന നിരക്കില്‍ ഫീസ് ഈടാക്കുകയോ, സ്‌കൂള്‍ ഡെവലപ്‌മെന്റ് ഫണ്ട്, വെല്‍ഫെയര്‍ ഫണ്ട്, മിസലേനിയസ് ഫണ്ട്, മറ്റിനങ്ങള്‍ എന്നിങ്ങനെ അനധികൃതമായി പിരിവ് നടത്തുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
 
സ്‌കൂള്‍ ഫീസ്, പി.ടി.എ. ഫണ്ട് തുടങ്ങിയവ അടച്ചുകഴിഞ്ഞാല്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും രക്ഷിതാക്കള്‍/വിദ്യാര്‍ഥികള്‍ ഇവയ്ക്കുള്ള രസീതുകള്‍ ചോദിച്ചു വാങ്ങണം. പി.ടി.എ. ഫണ്ട് നല്‍കിയ വിദ്യാര്‍ഥികളുടെ വിശദാംശവും തുകയും സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രിന്‍സിപ്പല്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലെ പി.ടി.എ. അംഗത്വഫീസ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പ്രതിവര്‍ഷം 100 രൂപയാണ്. പട്ടികജാതി-പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അംഗത്വ ഫീസ് നിര്‍ബന്ധമില്ല.