ഹരിപ്പാട്: പ്ലസ് വണ്‍  സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റനുസരിച്ചുള്ള പ്രവേശനം വ്യാഴാഴ്ച സമാപിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ വൈകിട്ട് അഞ്ചിനു മുന്‍പ് ബന്ധപ്പെട്ട സ്‌കൂളില്‍ ചേരണം.

ആദ്യ ഓപ്ഷന്‍തന്നെ ലഭിച്ചവര്‍ നിര്‍ബന്ധമായും ഫീസടച്ച് അഡ്മിഷന്‍ എടുക്കണം. അല്ലാത്തവര്‍ക്ക് താത്കാലിക പ്രവേശനം നേടാം. പൊതുവിഭാഗത്തിനുള്ള അലോട്ട്‌മെന്റ് അവസാനിക്കുന്നതിനു മുന്‍പ് സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് ഒരു അലോട്ട്‌മെന്റ് കൂടിയുണ്ടാകും. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് സ്‌കൂളും വിഷയവും മാറാന്‍ അപ്പോള്‍ അവസരം ലഭിക്കും.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന സ്‌കോര്‍ കാര്‍ഡ്, കായിക മികവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പ്രവേശനസമയത്ത് വിദ്യാര്‍ഥികള്‍ ഹാജരാക്കണം. അപേക്ഷയില്‍ അവകാശപ്പെട്ട സര്‍ട്ടിഫിക്കറ്റുകളെല്ലാം ഹാജരാക്കിയില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.