ഹരിപ്പാട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മുഖ്യ അലോട്ട്‌മെന്റില്‍ത്തന്നെ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചേക്കും.

മുന്‍പ് സബ്‌സിഡറി അലോട്ട്‌മെന്റ് സമയത്താണ് സീറ്റുവര്‍ധന നടപ്പാക്കിയിരുന്നത്. ഇത് നല്ല മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ വന്‍തുക കോഴ നല്‍കി അണ്‍ എയ്ഡഡ് സ്‌കൂളുകളിലും മാനേജ്‌മെന്റ് ക്വാട്ടയിലും സീറ്റ് തരപ്പെടുത്താന്‍ കാരണമായിരുന്നു. ആദ്യഘട്ടത്തില്‍ പ്രവേശനം ലഭിക്കാത്തവര്‍ മറ്റ് കോഴ്‌സുകള്‍ തേടിപ്പോകുന്ന പതിവുമുണ്ടായിരുന്നു. ഇങ്ങനെയാണ് മിക്ക സ്‌കൂളുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇതെല്ലാം ഒഴിവാക്കാനാണ് സീറ്റുവര്‍ധന ആദ്യഘട്ടത്തില്‍ത്തന്നെ നടത്താന്‍ ആലോചിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ സീറ്റുകളും എയ്ഡഡ് സ്‌കൂളുകളിലെ മെറിറ്റ് സീറ്റുകളുമാണ് ഏകജാലക പരിധിയില്‍ വരുന്നത്. ഈ വിഭാഗത്തില്‍ സംസ്ഥാനത്താകെ 2,41,376 സീറ്റുകളുണ്ട്. 20 ശതമാനം വര്‍ധന നിലവില്‍ വരുന്നതോടെ ഇത് 2,89,651 ആയി ഉയരും. ഫലത്തില്‍ 48,275 വിദ്യാര്‍ഥികള്‍ക്കുകൂടി മുഖ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിക്കും.

പ്രവേശനത്തിന്റെ അവസാനഘട്ടത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതു നിമിത്തം പ്രധാന കേന്ദ്രങ്ങളിലെ സ്‌കൂളുകളില്‍ തീരെ കുറവ് മാര്‍ക്കുള്ളവര്‍ക്ക് പ്രവേശനം നല്‍കേണ്ട സ്ഥിതി ഉണ്ടായിരുന്നു. നല്ല ഗ്രേഡില്‍ വിജയിച്ചവരെല്ലാം അപ്പോഴേക്കും മറ്റ് സ്‌കൂളുകളില്‍ സ്ഥിരമായി അഡ്മിഷന്‍ എടുക്കുന്നതിനാലാണിത്. ആദ്യംതന്നെ സീറ്റുകള്‍ വര്‍ധിപ്പിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന് അധ്യാപക സംഘടനകള്‍ നേരത്തേമുതല്‍ ആവശ്യപ്പെടുന്നതാണ്.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിഭാഗങ്ങളിലായി സംസ്ഥാനത്താകെ 3,56,730 സീറ്റുകളാണുള്ളത്. എല്ലാ സ്‌കൂളുകളിലും 20 ശതമാനം സീറ്റുവര്‍ധന നടപ്പായാല്‍ ഇത് 4,28,076 ആയി ഉയരും. പ്ലസ്വണ്ണിനുള്ള ആകെ അപേക്ഷകള്‍ 4,98,350 ആണ്.
പ്ലസ്വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് പരിശോധിച്ച് തിരുത്തലുകള്‍ വരുത്താനുള്ള സമയപരിധി ചൊവ്വാഴ്ച വൈകിട്ട് അവസാനിച്ചു. അടുത്ത ഞായറാഴ്ച ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തുമെന്നാണ് അറിയുന്നത്.