കൊച്ചി: പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയിട്ടും ഒരുഭാഗം വിദ്യാർഥികൾ പ്ലസ് വൺ അലോട്ട്‌മെന്റിന് പുറത്ത്. കഴിഞ്ഞദിവസം വന്ന ട്രയൽ അലോട്ട്‌മെന്റ് പട്ടികയിലാണിത്. ട്രയലിൽനിന്ന് വലിയ വ്യത്യാസങ്ങൾ ഇല്ലാതെയുള്ള പട്ടികയായിരിക്കും ആദ്യ അലോട്ട്‌മെന്റിലും വരികയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികളിൽ പോലും കുറേപ്പേർക്ക് ആഗ്രഹിച്ച സ്കൂളോ കോമ്പിനേഷനോ ലഭിച്ചിട്ടില്ല. വെയ്റ്റിങ്‌ ലിസ്റ്റിൽ പോലും ഇടംകിട്ടാത്ത എ പ്ലസുകാരുമുണ്ട്. മാർക്കിന് പുറമേ പാഠ്യേതര സാമൂഹിക പ്രവർത്തനങ്ങളിലും പങ്കെടുത്തവരാണ് ഇവരിൽ ചിലർ.

എസ്.എസ്.എൽ.സി. പരീക്ഷയിലെ ഗ്രേഡിനു പുറമേ പത്താം ക്ലാസ് പഠിച്ച അതേ സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിന്‌ പരിഗണനയുണ്ട്. അതേ തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലോ താലൂക്കിലോ അഡ്മിഷൻ തേടുന്നവർക്കുമുണ്ട് മുൻഗണന. എന്നാൽ മിക്ക വിദ്യാർഥികൾക്കും ഈ പരിഗണന ലഭിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

മുഴുവൻ എ പ്ലസ് നേടിയവർ മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതൽ ഉള്ളതിനാൽ അലോട്ട്‌മെന്റിൽ ടൈ ബ്രേക്ക് ചെയ്യുന്നത് ജനനത്തീയതിയും പേരിന്റെ അക്ഷരമാലാ ക്രമവും അനുസരിച്ചാണ്. അക്ഷരമാലയിലെ അവസാനമാണ് പേരിന്റെ തുടക്കത്തിലെ അക്ഷരമെങ്കിൽ അങ്ങനെയും പുറകിലായിപ്പോവുന്നവരുണ്ട്.

ബോണസ് പോയിന്റ് നേടിയ വിദ്യാർഥികൾ അലോട്ട്‌മെന്റ് പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇത് മെറിറ്റിലുള്ള വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുത്തിയേക്കാം. അതിന് പരിഹാരമായി എസ്.എസ്.എൽ.സി.ക്ക്‌ ഓരോ വിഷയത്തിനും നേടിയ മാർക്ക് മാത്രം പരിഗണിക്കുന്ന രീതി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് പ്ലസ് പ്രവേശനത്തിന് എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അതിനാൽ, അടുത്ത അലോട്ട്‌മെന്റുകളിലൂടെ തന്നെ എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ.