ഹരിപ്പാട്: പ്ലസ്‌വൺ പ്രവേശനത്തിനുള്ള അപേക്ഷയിൽ ചൊവ്വാഴ്ച വൈകീട്ട് നാലുവരെ തിരുത്തൽ വരുത്താം. പ്രവേശനം ആഗ്രഹിക്കുന്ന സ്കൂൾ, വിഷയം എന്നിവയുടെ മുൻഗണനാക്രമം ഉൾപ്പെടെ തിരുത്താം. വിട്ടുപോയ വിവരങ്ങൾ കൂട്ടിച്ചേർക്കാം. ട്രയൽ അലോട്ട്‌മെന്റ് ഫലം ചൊവ്വാഴ്ച വൈകീട്ടുവരെ വെബ്സൈറ്റിൽ പരിശോധിക്കാം. ഇത് നോക്കിവേണം തിരുത്തിൽ അപേക്ഷ നൽകാൻ.

ഉയർന്ന ഗ്രേഡിൽ ജയിച്ച പലരും ട്രയൽ അലോട്ട്‌മെന്റിൽ ഉൾപ്പെട്ടില്ലെന്ന് പരാതിയുണ്ട്. ഓപ്ഷൻ നൽകിയതിലെ അപാകമാണ് കാരണം. ഒരാൾക്ക് 50 സ്കൂളുകളിൽവരെ ഓപ്ഷൻ നൽകാം. പലരും ഓപ്ഷൻ ഏതാനും സ്കൂളുകളിൽ മാത്രമായി ചുരുക്കുന്നതിനാലാണ് അലോട്ട്‌മെന്റ് ലഭിക്കാതെ പോകുന്നത്. ഇങ്ങനെയുള്ളവർക്ക് കൂടുതൽ സ്കൂളുകൾ തിരഞ്ഞെടുക്കാൻ അപേക്ഷ നൽകാം.

പഠിച്ചിരുന്ന സ്കൂളിൽത്തന്നെ അപേക്ഷിക്കുമ്പോൾ രണ്ട് ബോണസ് പോയന്റിന് അർഹതയുണ്ട്. വിദ്യാർഥിയുടെ വീടുൾപ്പെടുന്ന തദ്ദേശ സ്ഥാപനപരിധിയിലെ സ്കൂളിൽ അപേക്ഷിക്കുമ്പോഴും രണ്ട് ബോണസ് പോയന്റ് കിട്ടും. അപേക്ഷയിൽ ഇത്തരം വിവരങ്ങൾ ചേർത്തില്ലെങ്കിൽ ബോണസ് പോയന്റുകൾ നഷ്ടപ്പെടും.

പ്രവേശന റാങ്ക് നിശ്ചയിക്കുന്നതിൽ ബോണസ് പോയന്റുകൾ നിർണായകമാണ്. ഇത്തരം വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിലും തിരുത്താൻ കഴിയും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഹാജരാക്കിയ സ്കൂളിലെ പ്രിൻസിപ്പലിനാണ് തിരുത്തലിനുള്ള അപേക്ഷ നൽകേണ്ടത്.

bbആദ്യ അലോട്ട്‌മെന്റ് 24-ന്

bbആദ്യ അലോട്ട്‌മെന്റ് 24-ന് പ്രസിദ്ധീകരിക്കും. ഇതിൽ ഉൾപ്പെടുന്നവർ രണ്ടുപേജുള്ള അലോട്ട്‌മെന്റ് ലെറ്ററിന്റെ പ്രിന്റെടുത്ത് നിശ്ചിത ദിവസം സ്കൂളിൽ ഹാജരാകണം. ആദ്യ ഓപ്ഷൻതന്നെ ലഭിച്ചവർ ഫീസടച്ച് സ്ഥിരമായി പ്രവേശനം നേടണം. അല്ലാത്തവർക്ക് താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. ഇവർ രേഖകൾ ഹാജരാക്കണം. ഫീസ് അടയ്ക്കേണ്ട.

താത്കാലിക പ്രവേശനം നേടിയവർക്ക് അടുത്ത അലോട്ട്‌മെന്റിൽ അർഹതയുണ്ടെങ്കിൽ ഉയർന്ന ഓപ്ഷനിൽ പ്രവേശനം ലഭിക്കാം. മുഖ്യഘട്ടത്തിൽ രണ്ട് അലോട്ട്‌മെന്റുകളാണുള്ളത്. ഇതിനാൽ രണ്ടാമത്തെ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിക്കുന്നവവരെല്ലാം നിർബന്ധമായും ഫീസടച്ച് സ്ഥിരമായി പ്രവേശനംനേടണം. അല്ലാത്തവരുടെ അവസരം നഷ്ടമാകും.

Content Highlights: plus one application-correction