ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അർഹതയുള്ളവർക്ക് തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകീട്ട് നാലുവരെ ചേരാൻ സാവകാശം ലഭിക്കും.

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഹയർസെക്കൻഡറി പഠനം ആഗ്രഹിക്കുന്ന ഒട്ടേറെ കുട്ടികൾ ഇപ്പോഴും പുറത്താണ്. എന്നാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ അപേക്ഷകരേക്കാൾ കൂടുതൽ സീറ്റുകളുണ്ട്. 53,005 പേരാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ പുതുക്കിയത്. ഇവരിൽ 14,053 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു.

ഏകജാലകം വഴിയുള്ള 11,106 മെറിറ്റ് സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. ഈ സീറ്റുകളിലേക്ക് വീണ്ടും അലോട്ട്‌മെൻറ് നടത്തും.

രണ്ടാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനത്തിനുശേഷം ഇതുവരെ മെറിറ്റിലും സ്പോർട്സ് ക്വാട്ടയിലും അഡ്മിഷൻ കിട്ടിയവർക്ക് സ്കൂളും വിഷയവും മാറാനുള്ള സൗകര്യം ലഭിക്കും. സംസ്ഥാനത്തെ ഏത് സ്കൂളും തിരഞ്ഞെടുക്കാം. ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റുകളും അപേക്ഷകരുടെ ഗ്രേഡ് പോയന്റ് ആവറേജും പരിഗണിച്ചാണ് പ്രവേശനം.

ജൂൺ 27 മുതൽ സ്കൂൾമാറ്റത്തിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങും. നിലവിൽ ചേർന്നിട്ടുള്ള സ്കൂളിലെ പ്രിൻസിപ്പലിനാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. സ്കൂളുകളിൽ മിച്ചമുള്ള സീറ്റുകളുടെ വിവരം ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് പരിശോധിച്ചുവേണം സ്കൂൾമാറ്റത്തിന് അപേക്ഷ സമർപ്പിക്കാൻ.