കൊച്ചി: സംസ്ഥാന ഹയര്‍സെക്കന്‍ഡറിയില്‍ പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തീയതി നീട്ടിയ സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ബെഞ്ച് വിസമ്മതിച്ചു. കാലതാമസം പരമാവധി കുറച്ച് സി.ബി.എസ്.ഇ.ക്കാരുടെ അപേക്ഷകൂടി സ്വീകരിക്കാന്‍ സാധിക്കുമോ എന്നറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പത്താംക്ലാസ് ഫലം കാത്തിരിക്കുന്ന സി.ബി.എസ്.ഇ. വിദ്യാര്‍ഥികളില്‍നിന്ന് ഇപ്പോള്‍ത്തന്നെ അപേക്ഷ സ്വീകരിക്കാനാവുമോ എന്നാണ് ഡിവിഷന്‍ബെഞ്ച് വാക്കാല്‍ ആരാഞ്ഞത്. ഫലംവന്നാല്‍ മാര്‍ക്കുകൂടി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി അപേക്ഷ പൂര്‍ത്തിയാക്കാന്‍ രണ്ടുദിവസംകൂടി നല്‍കാം.

സി.ബി.എസ്.ഇ.ക്കാരുടെ അപേക്ഷകൂടി സ്വീകരിക്കുന്നതിലെ കാലതാമസം ഇത്തരത്തില്‍ കുറയ്ക്കാന്‍ വെബ്‌സൈറ്റില്‍ മാറ്റംവരുത്തേണ്ടിവരുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. അതിനെക്കുറിച്ച് കോടതി വിശദീകരണം തേടി. ഇതിനായി അപ്പീല്‍ 26-ലേക്ക് മാറ്റി.

സി.ബി.എസ്.ഇ.യിലെ പത്താംക്ലാസുകാര്‍ക്കുകൂടി അപേക്ഷിക്കാന്‍ സമയം നല്‍കിയാണ് കഴിഞ്ഞദിവസം സിംഗിള്‍ബെഞ്ച് അപേക്ഷാത്തീയതി നീട്ടിയത്. അത് ഭൂരിപക്ഷംവരുന്ന സംസ്ഥാന സിലബസിലെ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തെ ബാധിക്കുമെന്നായിരുന്നു സര്‍ക്കാര്‍വാദം.