തൃശ്ശൂര്‍: 'പ്ലാസ്റ്റിക് രഹിത നിരത്ത്- പ്ലാസ്റ്റിക് നിരത്ത്' പദ്ധതിക്കായി ക്ലീന്‍കേരളയും പൊതുമരാമത്തുവകുപ്പും തദ്ദേശസ്ഥാപനങ്ങളും കൈകോര്‍ക്കുന്നു. ഇതുനടപ്പായാല്‍ പ്ലാസ്റ്റിക്മാലിന്യം നിറഞ്ഞ നിരത്ത് കേരളത്തിലുണ്ടാകില്ല. പകരം പ്ലാസ്റ്റിക് നിരത്തുകളാകും ഉണ്ടാകുക.

ഓഗസ്റ്റ് ഒന്നുമുതല്‍ ക്ലീന്‍കേരള കമ്പനി പൊതുമരാമത്ത് വകുപ്പിന് ദിവസേന 25 ടണ്‍ നുറുക്കിയ മാലിന്യ പ്ലാസ്റ്റിക് നല്‍കും. റോഡുനിര്‍മിക്കാന്‍ ഇവ ഉപയോഗിക്കും. ഇതിനായി 50 മാലിന്യ പ്ലാസ്റ്റിക് ശേഖരണ-സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ക്ലീന്‍ കേരള എം.ഡി. കബീര്‍ ബി. ഹാറൂണ്‍ പറഞ്ഞു. അഞ്ചെണ്ണം കോഴിക്കോട് കോര്‍പ്പറേഷനിലായിരിക്കും. എല്ലാ കോര്‍പ്പറേഷനിലും നഗരസഭകളിലും ഇത്തരം യൂണിറ്റുകളുണ്ടാകും. തദ്ദേശസ്ഥാപനങ്ങള്‍ളുടെ സഹകരണത്തോടെയാകും നടപ്പാക്കുക.

കുടുംബശ്രീ വഴി പ്രവര്‍ത്തിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രതിദിനം ഒരു ടണ്ണായിരിക്കും ശേഷി. ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യമിട്ടാല്‍ പരമാവധി 800 കിലോഗ്രാം നുറുക്കിയ പ്ലാസ്റ്റിക് കിട്ടും. ശരാശരി ശേഷിയില്‍ പ്രവര്‍ത്തിച്ചാലുള്ള കണക്കെടുത്താണ് പ്രതിദിനം 25 ടണ്‍ നുറുക്കിയ പ്ലാസ്റ്റിക് നല്‍കാമെന്ന ഉടമ്പടിയിലെത്തിയത്.

നുറുക്കിയ പ്ലാസ്റ്റിക് മാലിന്യം മര്‍ദമുപയോഗിച്ച് കട്ടിയാക്കി സൂക്ഷിക്കുന്ന യന്ത്രമുള്‍പ്പടെയുള്ള യൂണിറ്റ്, പ്ലാന്‍ ഫണ്ട് ഉപയോഗപ്പെടുത്തി കുടുംബശ്രീകള്‍ക്ക് ലഭ്യമാക്കും. ഇവര്‍ക്ക് പരിശീലനവും നല്‍കും. മിഠായിയുടെയും ബിസ്‌കറ്റിന്റെയും കവറുകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്താനാകുന്നതാണ് യൂണിറ്റ്. വഴിയില്‍ ഉപേക്ഷിക്കുന്ന കുടിവെള്ളക്കുപ്പികളും ഉപയോഗിക്കാം.

നുറുക്കിയ പ്ലാസ്റ്റിക് അതതിടങ്ങളില്‍ വന്ന് പൊതുമരാമത്ത്് വകുപ്പ് സ്വീകരിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കിലോഗ്രാമിന് 15 രൂപ കിട്ടും. ക്ലീന്‍കേരളയില്‍ ഓഹരിയുള്ളവര്‍ക്ക് 18 രൂപയും. 20 രൂപയ്ക്ക് ഏറ്റെടുക്കാമെന്നാണ് പൊതുമരാമത്ത് കുടുംബശ്രീയുമായി കരാറുണ്ടാക്കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം നിര്‍മിച്ചത് 43 കിലോമീറ്റര്‍ റോഡ്

കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പ്ലാസ്റ്റിക് റോഡ് പദ്ധതി വന്‍ വിജയമായിരുന്നു. പത്തില്‍ത്താഴെ യൂണിറ്റുകളില്‍നിന്ന് നല്‍കിയ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് കഴിഞ്ഞ സാന്പത്തികവര്‍ഷം പൊതുമരാമത്ത് വകുപ്പ് 43 കിലോമീറ്റര്‍ റോഡാണ് നിര്‍മിച്ചത്.

മൂന്നേമുക്കാല്‍ മീറ്റര്‍ വീതിയുള്ള റോഡ് ഒരുകിലോമീറ്റര്‍ ഇടാന്‍ 1300 കിലോഗ്രാം പ്ലാസ്റ്റിക് വേണം. പ്ലാസ്റ്റിക് ഉപയോഗിക്കുകയാണെങ്കില്‍ ബിറ്റുമിനേക്കാള്‍ എട്ടുശതമാനം ലാഭിക്കാം. ബിറ്റുമിനേക്കാള്‍ കിലോഗ്രാമിന് 16 രൂപ കുറവുമാണ് പ്ലാസ്റ്റിക്കിന്.