തിരുവനന്തപുരം/മലപ്പുറം: മതസൗഹാർദം തകർക്കാൻ സാമൂഹികമാധ്യമങ്ങളിൽ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക്‌ കത്തയച്ചു. വലിയ രീതിയിൽ ചേരിതിരിവ്, സ്പർധ, അവിശ്വാസം എന്നിവ വ്യത്യസ്ത മതവിശ്വാസികൾക്കിടയിൽ സൃഷ്ടിക്കാനുള്ള ബോധപൂർവമുള്ള ശ്രമം നടക്കുന്നു. വാട്‌സാപ്പ്, ടെലിഗ്രാം, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയവയെല്ലാം തെറ്റായ ആശയ പ്രചാരണത്തിനായി ചിലർ ദുരുപയോഗം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

സമുദായ സംഘർഷമില്ലാതാക്കാനുള്ള ശ്രമം സർക്കാർ നടത്തുകയാണെങ്കിൽ കോൺഗ്രസ് പൂർണ പിന്തുണ നൽകും. വിഭാഗീയത വർധിക്കും മുമ്പ് സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. -അദ്ദേഹം പറഞ്ഞു.

സംഘർഷം ഇല്ലാതാക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ എല്ലാ രാഷ്ട്രീയ, മതസമുദായ നേതാക്കളുടെയും യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും മുഖ്യമന്ത്രിക്ക്‌ കത്തയച്ചു.