ന്യൂഡല്‍ഹി: ഷൊർണൂർ എം.എൽ.എ. പി.കെ. ശശിയുടെ പേരിലുള്ള തന്റെ യഥാർഥ പരാതി കമ്മിഷനും പാർട്ടിയും ഗൗരവത്തോടെ കണ്ടിട്ടില്ലെന്ന ആശങ്ക പ്രകടിപ്പിച്ച്‌ പാലക്കാട്ടെ വനിതാ ഡി.വൈ.എഫ്.ഐ. നേതാവ് വീണ്ടും സി.പി.എം. കേന്ദ്രനേതൃത്വത്തെ സമീപിച്ചു. ഇവരുടെ പരാതിയിൽ ശശിയെ പാർട്ടി അംഗത്വത്തിൽനിന്ന്‌ ആറുമാസത്തേക്ക്‌ സസ്പെൻഡുചെയ്യാൻ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിരുന്നു.

ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന തന്റെ പരാതിയിന്മേലല്ല ശശിക്കെതിരേയുള്ള അച്ചടക്കനടപടിയെന്നാണ് വനിതാനേതാവ് കേന്ദ്രനേതൃത്വത്തിനയച്ച കത്തിൽ പറഞ്ഞിട്ടുള്ളത്. മര്യാദവിട്ടുള്ള ഫോൺ സംഭാഷണം അടിസ്ഥാനമാക്കിമാത്രമാണ് അച്ചടക്കനടപടി. ലൈംഗികപീഡനമെന്ന പരാതി പാർട്ടി ഗൗരവമായി കാണാത്തതിൽ അവർ ആശങ്ക പ്രകടിപ്പിച്ചതായും അറിയുന്നു. പുതിയ പരാതി വന്നതോടെ ശശിക്കുമേൽ സംഘടനാക്കുരുക്ക് മുറുകുകയാണ്.

പരാതി അന്വേഷിച്ച രണ്ടംഗകമ്മിഷൻ റിപ്പോർട്ടും സംസ്ഥാനത്തെ അച്ചടക്കനടപടിയും അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കും. പരാതിയിൽ പാർട്ടി ഭരണഘടനയനുസരിച്ചുള്ള നടപടികളല്ല ഉണ്ടായതെന്ന്‌ കേന്ദ്രനേതൃത്വത്തിൽ ഒരുവിഭാഗം കരുതുന്നു. അംഗത്തിനെതിരേ അധാർമികത സംബന്ധിച്ച പരാതി ഉയർന്നാൽ അന്വേഷണവിധേയമായി ഉടൻ സസ്പെൻഡുചെയ്യണമെന്നാണ് ഭരണഘടനയനുസരിച്ചുള്ള വ്യവസ്ഥ. എന്നാൽ, ശശിക്കുനേരെ ഉയർന്നിട്ടുള്ള പരാതിയിന്മേലാവട്ടെ അന്വേഷണം നടത്തിയശേഷം മാത്രമാണ് അച്ചടക്കനടപടി. ഈ ഭരണഘടനാലംഘനവും കേന്ദ്രനേതൃത്വം കണക്കിലെടുക്കും.

കേരളത്തിൽ ഉയർന്ന പരാതിയിൽ സംസ്ഥാന നേതൃത്വം അന്വേഷണം നടത്തി കൈക്കൊണ്ട അച്ചടക്കനടപടി കേന്ദ്രകമ്മിറ്റി അംഗീകരിക്കേണ്ടതുണ്ടെന്ന്‌ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേന്ദ്രകമ്മിറ്റി എന്തുതീരുമാനിക്കുമെന്ന്‌ ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റാരോപിതൻ തെറ്റുചെയ്തതായി പാർട്ടി കണ്ടെത്തിയാൽ പരാതി പോലീസിന്‌ കൈമാറുമോയെന്ന ചോദ്യത്തിന് അതു പാർട്ടിയല്ല, പരാതിക്കാരാണ് ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലൈംഗികപീഡനം സംബന്ധിച്ച പരാതികൾ ഗൗരവത്തോടെ കാണുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും യെച്ചൂരി പറഞ്ഞു.

Content Highlight: PK Sasi sex abuse case