പാലക്കാട്: പി.കെ. ശശി എം.എൽ.എ. സി.പി.എം. പാലക്കാട് ജില്ലാകമ്മിറ്റിയിൽ. വ്യാഴാഴ്ച പാലക്കാട്ടുചേർന്ന ജില്ലാകമ്മിറ്റിയോഗത്തിൽ ശശി ജില്ലാകമ്മിറ്റിയിലാവും പ്രവർത്തിക്കുകയെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം റിപ്പോർട്ടുചെയ്തു.

പാർട്ടി കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം റിപ്പോർട്ടുചെയ്തത്. സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ടുചെയ്യപ്പെട്ടതോടെ അടുത്ത ജില്ലാകമ്മിറ്റിയോഗത്തിൽ പി.കെ. ശശിക്ക്‌ പങ്കെടുക്കാം.

ഡി.വൈ.എഫ്.എ. ജില്ലാകമ്മിറ്റി അംഗമായിരുന്ന വനിതാനേതാവിന്റെ പരാതിയെത്തുടർന്ന് കഴിഞ്ഞ നവംബറിലാണ് ശശിയെ ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡുചെയ്തത്. പരാതിയെക്കുറിച്ച് പാർട്ടി കേന്ദ്രകമ്മിറ്റിയംഗങ്ങളായ മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിയും അന്വേഷിച്ചു. തുടർന്നായിരുന്നു നടപടി.

മേയിൽ സസ്പെൻഷൻ കാലാവധി പൂർത്തിയായിരുന്നെങ്കിലും ശശി ഏതുഘടകത്തിൽ പ്രവർത്തിക്കണമെന്ന് പാർട്ടി നിർദേശിച്ചിരുന്നില്ല. ശശിയെ പാലക്കാട് ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ഓഗസ്റ്റിൽ ചേർന്ന ജില്ലാകമ്മിറ്റി നിർദേശിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാകമ്മിറ്റിയുടെ ശുപാർശ കഴിഞ്ഞയാഴ്ച ചേർന്ന സംസ്ഥാന സമിതിയും അംഗീകരിക്കുകയായിരുന്നു.

അക്കാര്യമാണ് വ്യാഴാഴ്ച ചേർന്ന പാലക്കാട് ജില്ലാ നേതൃയോഗത്തിൽ റിപ്പോർട്ടുചെയ്തത്. പി.കെ. ശശി സസ്പെൻഷൻ കാലയളവിൽ മാതൃകാപരമായി പെരുമാറിയിരുന്നെന്ന ജില്ലാകമ്മിറ്റിയുടെ വിലയിരുത്തലും സംസ്ഥാന കമ്മിറ്റിക്ക് നേരത്തെ റിപ്പോർട്ടുചെയ്തിരുന്നു. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെയാണ് ഷൊർണൂർ എം.എൽ.എ. കൂടിയായ പി.കെ. ശശിയെ പാർട്ടിയിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡുചെയ്തത്.

അന്വേഷണ കമ്മിഷനംഗം എ.കെ. ബാലനുമായും സസ്പെൻഷൻ കാലയളവിൽ മുഖ്യമന്ത്രിയുമായും വേദിപങ്കിട്ട പി.കെ. ശശി ശക്തനായിത്തന്നെ പാർട്ടിയിൽ തിരിച്ചെത്തുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു.

ഒരുവർഷത്തെ വിവാദങ്ങൾക്കുശേഷം പി.കെ. ശശി പാലക്കാട് ജില്ലാകമ്മിറ്റിയിൽ തിരിച്ചെത്തുമ്പോൾ വിഭാഗീയതയുടെ പേരിൽ ഇനിയും എന്തൊക്കെ നടപടിയാവും ഉണ്ടാവുക എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ചർച്ചചെയ്യുന്നത്.

content highlights: PK Sasi Returns CPM district committee