തൊടുപുഴ: മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. പത്രികസമർപ്പണത്തിനുള്ള സമയം തീരാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്‌. പി.സി. തോമസ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന്റെ സ്ഥാനാർഥികളായിട്ടാണ് പി.ജെ. ജോസഫ് ഉൾപ്പെടെയുള്ളവർ മത്സരിക്കുന്നത്. ഇത് സ്ഥിരീകരിച്ചുകൊണ്ടുള്ള പി.സി. തോമസിന്റെ കത്തും പത്രികയ്ക്കൊപ്പം നൽകിയിട്ടുണ്ട്.

എന്നാൽ, പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒറ്റ ചിഹ്നം അനുവദിക്കാത്തതിനാൽ സ്ഥാനാർഥികൾക്ക് ഏത് ചിഹ്നം ലഭിക്കുമെന്നറിയാൻ 22-ലെ സൂക്ഷ്മപരിശോധനവരെ കാത്തിരിക്കണം. പത്രികയിൽ ആദ്യം ആവശ്യപ്പെട്ടിരിക്കുന്ന ‘ട്രാക്ടർ ഓടിക്കുന്ന കർഷൻ’ എല്ലവർക്കും ചിഹ്നമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. തെങ്ങിൻതോപ്പും ഫുട്ബോളും രണ്ടും മൂന്നും ഓപ്ഷനുകളായി നൽകും. ഇതോടൊപ്പം, എം.എൽ.എ.സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് സ്പീക്കർക്ക് ജോസഫ്‌ അയക്കുകയും ചെയ്തു.

ചിഹ്നം ‘വലിയ’ പ്രശ്നം

കേരള കോൺഗ്രസ് (എം.) എന്ന പേരും രണ്ടില ചിഹ്നവും ജോസ് വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്, സുപ്രീംകോടതി ശരിവെച്ചതിനെത്തുടർന്നാണ് ജോസഫ് വിഭാഗം പ്രതിസന്ധിയിലായത്.

ജോസഫ് വിഭാഗം രജിസ്ട്രേഡ് പാർട്ടിയല്ല. അതിനാൽ പാർട്ടിയിൽപ്പെട്ടവർ സ്വതന്ത്രസ്ഥാനാർഥിയായോ ഏതെങ്കിലും രജിസ്‌ട്രേഡ് പാർട്ടിയുമായി ചേർന്നോ മത്സരിക്കേണ്ട അവസ്ഥവന്നു. തുടർന്ന്, പി.സി. തോമസിന്റെ കേരള കോൺഗ്രസ് പാർട്ടിയും ജോസഫ് വിഭാഗവും ലയിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പി.ജെ. ജോസഫ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസിൽ എത്തി അസി. റിട്ടേണിങ് ഓഫീസർക്കാണ്‌ പത്രികനൽകിയത്‌. ഇതേസമയംതന്നെ മറ്റു സ്ഥാനാർഥികളും അതതിടങ്ങളിൽ പത്രികനൽകിയിരുന്നു.

രാജി സുതാര്യതയ്ക്കായി

എം.എൽ.എ.സ്ഥാനം രാജിവെച്ചത് സുതാര്യത വരുത്താൻവേണ്ടിയാണ്. ട്രാക്ടർ ഓടിക്കുന്ന കർഷകൻ, ചിഹ്നമായി കിട്ടുമെന്നാണ് പ്രതീക്ഷ. ചിഹ്നം മാറിയത് തിരിച്ചടിയാകില്ല -പി.ജെ. ജോസഫ്

പി.ജെ. ചെയർമാൻ

പി.ജെ. ജോസഫാണ് ഞങ്ങളുടെ ചെർമാൻ. തൊടുപുഴയെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാക്കിമാറ്റിയത് അദ്ദേഹമാണ് -പി.സി. തോമസ്

content highlights: pj joseph files nomination