തിരുവനന്തപുരം: പ്രളയത്തിനുള്ള കേന്ദ്രസഹായം സംബന്ധിച്ച് താൻ പറയാത്തകാര്യം മനസ്സിലാക്കാനുള്ള വൈഭവം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിക്കുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞവർഷം കേന്ദ്രം തന്ന പണം ഇവിടെയുണ്ടെന്നും ഇപ്പോൾ കാശൊന്നും വേണ്ടെന്നും അദ്ദേഹത്തോട് മുഖ്യമന്ത്രി പറഞ്ഞെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞത് നിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ആഭ്യന്തര സഹമന്ത്രി വിളിച്ചിരുന്നുവെന്നത് ശരിയാണ്. അദ്ദേഹം ഹിന്ദിയിൽ സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്കൊന്നും മനസ്സിലായില്ല. എനിക്ക് ഹിന്ദി അറിയില്ലെന്ന് മറുപടി നൽകി. ഇംഗ്ലീഷ് വലിയ പരിജ്ഞാനമുള്ളയാളല്ല ഞാൻ. എങ്കിലും ഇംഗ്ലീഷിലാണ് ഹിന്ദി അറിയില്ലെന്ന് പറഞ്ഞത്. ഞാൻ പറഞ്ഞത് അദ്ദേഹത്തിനും മനസ്സിലായില്ലെന്നാണ് തോന്നുന്നത്.

അദ്ദേഹം പ്രൈവറ്റ് സെക്രട്ടറിക്ക് ഫോൺ കൈമാറി. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള പ്രയാസമായിരിക്കാമെന്ന് എനിക്ക് തോന്നി. കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നമ്പർ വാങ്ങി എന്റെ പ്രൈവറ്റ് സെക്രട്ടറി അദ്ദേഹത്തെ വിളിച്ചു. ഞാനും കേന്ദ്രസഹമന്ത്രിയും തമ്മിൽ ഒരു വാചകവും സംസാരിച്ചില്ല. ‘ഐ കനോട്ട് അണ്ടൻസ്റ്റാൻഡ് ഹിന്ദി’ എന്നേ ഞാൻ പറഞ്ഞുള്ളൂ. മറ്റൊന്നും പറയേണ്ടിവന്നില്ല. അതിനെപ്പറ്റി എങ്ങനെയാണ് മുരളീധരൻ ഇങ്ങനെയൊരു തെറ്റിദ്ധാരണയിലേക്ക് എത്തിയതെന്ന് പിടികിട്ടുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തിന് കാരണം സർക്കാരിന്റെ മുന്നൊരുക്കങ്ങളുടെ കുറവാണെന്ന് മുരളീധരൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ല. കഴിഞ്ഞതവണ അണക്കെട്ടുതുറന്നുകൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായെന്നാണ് ആരോപണം ഉയർന്നത്. ഇക്കുറി അണക്കെട്ടൊന്നും തുറന്നില്ല. വെള്ളം ഉയർന്ന സ്ഥലത്ത് മുൻവർഷത്തെക്കാൾ വെള്ളം കയറിയെന്നാണ് റിപ്പോർട്ട്. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം വേണം. അത് തടയാനാവില്ല, തടുത്തുനിർത്തിയാൽ സ്വാഭാവികമായും കൂടുതൽ ആപത്തുണ്ടായെന്നുവരും. ചിലഘട്ടങ്ങളിൽ തീവ്രമഴയും വെള്ളപ്പൊക്കവുമുണ്ടാകുമെന്ന് നമ്മൾ പ്രതീക്ഷിക്കണം. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം ഉണ്ടാകണം. അതാണ് ‘റൂം ഫോർ റിവർ’ എന്ന ആശയത്തിനുപിന്നിൽ.

നെതർലെൻഡ്സ് അധികൃതരുമായി നടത്തിയ ചർച്ചകളും അതായിരുന്നു. സർക്കാർ അത്തരം നടപടികളിലേക്ക് കടക്കാനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Content Highlights:  Controversy about Relief