തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിവാഹിതയാവുന്നു. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസാണ് വരൻ. വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഈ മാസം 15-ന് തിരുവനന്തപുരത്താണ് വിവാഹച്ചടങ്ങ്.

വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് റിയാസ് രാഷ്ട്രീയരംഗത്തെത്തിയത്. കോഴിക്കോട് കോർപ്പറേഷനിലേക്കും തൊട്ടുപിന്നാലെ 2009-ൽ കോഴിക്കോട് മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്കും മത്സരിച്ചു. കഴിഞ്ഞ സമ്മേളനത്തിലാണ് അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. കോഴിക്കോട് സ്വദേശിയാണ്. റിട്ട. എസ്.പി. അബ്ദുൾഖാദറിന്റെ മകനാണ്.

ഐ.ടി. സംരംഭകയാണ് വീണ. നേരത്തേ ഒറാക്കിൾ കൺസൾട്ടന്റായും ആർ.പി.ടെക്‌സോഫ്റ്റ് ഇന്റർനാഷണലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായും പ്രവർത്തിച്ചു. ഇപ്പോൾ, ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്‌സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. ഇരുവരുടെയും രണ്ടാംവിവാഹമാണിത്.