തിരുവനന്തപുരം: മെയ് 20 ന് പിണറായി വിജയന്റെ ജീവിതത്തില്‍ ഒരു പ്രത്യേകതയുണ്ട്. ആദ്യവും അവസാനവുമായി അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 1996 മെയ് 20 നായിരുന്നു. കൃത്യം ഇരുപത് വര്‍ഷത്തിനുശേഷം അതേ ദിവസമാണ് അദ്ദേഹം നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെടുന്നത്. ഇത് നാലാംതവണയാണ് നിയമസഭയിലെത്തുന്നതെങ്കിലും വെറും രണ്ടുവര്‍ഷവും അഞ്ചുമാസവും മാത്രമേ അദ്ദേഹം മന്ത്രിയായിരുന്നിട്ടുള്ളു. 1996 മെയ് അഞ്ചുമുതല്‍ 1998 ഒക്ടോബര്‍ 19 വരെ. വൈദ്യുതി, സഹകരണ വകുപ്പുകളുടെ ചുമതല. പാര്‍ട്ടി സെക്രട്ടറിയാകാന്‍ മന്ത്രിപദം ഒഴിയുകയായിരുന്നു അന്ന്. എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഈ വകുപ്പുകളെ ചലനാത്മകമാക്കാന്‍ പോന്ന ഹൈവോള്‍ട്ടേജ് 'പിണറായി ശൈലി' ക്കുണ്ടായിരുന്നു. പ്രതിബന്ധങ്ങളെ തട്ടിമാറ്റി എന്തും സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് ഈ ശൈലി.

വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും അസംഖ്യം തറക്കല്ലുകളുമായിക്കിടന്ന വൈദ്യുതി മേഖലയെ മാറ്റങ്ങള്‍ക്ക് വിധേയനാക്കിയ വൈദ്യുതി മന്ത്രി എന്ന വിശേഷണം പിണറായി വിജയന് സ്വന്തം. ഒരു പദ്ധതിക്ക് തറക്കല്ലിടാന്‍ പോയാല്‍ അതിന്റെ ഉദ്ഘാടനത്തീയതി കൂടി പ്രഖ്യാപിക്കണമെന്ന് വാശിയുള്ള മന്ത്രിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ എല്ലാ ഒരുക്കങ്ങളോടും കൂടിയേ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സമീപിക്കുമായിരുന്നുള്ളു. ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സഹായം നല്‍കാനും പ്രചോദിപ്പിക്കാനും അദ്ദേഹം തയ്യാറായിരുന്നു. മുഖം കറുപ്പിക്കേണ്ടവരോട് അത് ചെയ്തിരിക്കും. ഈ കാര്‍ക്കശ്യം അറിഞ്ഞ ധാരാളംപേരുണ്ട് ഉദ്യോഗസ്ഥരില്‍.

വോള്‍ട്ടേജ്ക്ഷാമം കാരണം മുനിഞ്ഞുകത്തിയിരുന്ന വൈദ്യുതി വിളക്കുകളില്‍ നിന്ന് മലബാറിനെ മോചിപ്പിക്കാനുള്ള പദ്ധതി പൂര്‍ത്തിയാക്കിയത് പിണറായിയാണ്. തൃശ്ശൂരിലെ മാടക്കത്തറയില്‍ നിന്ന് കാസര്‍കോട്ടെ മൈലാട്ടിയിലേക്ക് 220 കെ.വി. ലൈന്‍ വലിക്കുന്നത് പ്രാദേശികമായ എതിര്‍പ്പുകളില്‍ മുടങ്ങിക്കിടന്നപ്പോള്‍ ജനകീയ നിരീക്ഷണ സമിതികള്‍ രൂപവത്കരിച്ച് തടസ്സങ്ങള്‍ മാറ്റിയെടുത്തത് പിണറായിയാണ്. പല തറക്കല്ലുകളിലായി വിശ്രമിക്കുകയായിരുന്ന കായംകുളം താപനിലയത്തിന്റെ പൂര്‍ത്തീകരണവും പിണറായിയുടെ ഉരുക്കുമുഷ്ടിക്ക് മുന്നിലാണ് വേഗത്തില്‍ നടന്നത്. കൂടുതല്‍ വൈദ്യുതി ഉപയോഗം ഉള്ളിടത്ത് ഉത്പാദന പദ്ധതികള്‍ എന്ന ആശയവും പിണറായിയുടെതാണ്.
 
അങ്ങനെയാണ് കളമശ്ശേരിയിലും ബ്രഹ്മപുരത്തും കോഴിക്കോട്ടും താപനിലയങ്ങള്‍ പൂര്‍ത്തിയാക്കാനായത്. ലോവര്‍ പെരിയാര്‍, കക്കാട്, പെരിങ്ങല്‍ക്കുത്ത് എന്നീ പദ്ധതികള്‍ക്കുള്ള തടസ്സങ്ങളും നീക്കി. 1996 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1083 മെഗാവാട്ട് ഉത്പാദനശേഷിയാണ് കേരളം കൂടുതലായി കൈവരിച്ചത്. ഇതിന് തുടക്കമിട്ടതും നേതൃത്വം നല്‍കിയതും പിണറായി ആയിരുന്നു. എന്നാല്‍ വൈദ്യുതിമേഖലയില്‍ വിവാദങ്ങള്‍ക്കും പിണറായിയുടെ നടപടി കാരണമായി. പരിസ്ഥിതി പ്രേമികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി മുന്നോട്ടുവെച്ചതും അതിന് ആദ്യം അംഗീകാരം നേടിയെടുത്തതും ഇദ്ദേഹമാണ്.
 
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികള്‍ നവീകരിക്കാന്‍ കാനഡയിലെ എസ്.എന്‍.സി. ലാവ് ലിനുമായുണ്ടാക്കിയ വിവാദ ഇടപാട് അന്നുമുതല്‍ പിണറായിയെ വേട്ടയാടി. എന്നാല്‍ സി.ബി.െഎ. കോടതി ഈ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കുകയായിരുന്നു. വൈദ്യുതി മേഖലയിലെ പിണറായിയുടെ പരിഷ്‌കാരങ്ങള്‍ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് മാധ്യമ സമ്മതിയും നേടിക്കൊടുത്തിരുന്നു. പിന്നീട് മാധ്യമങ്ങള്‍ വിമര്‍ശിച്ച ചില സന്ദര്‍ഭങ്ങളിലെങ്കിലും അന്നത്തെ പുകഴ്ത്തലിനെപ്പറ്റി അദ്ദേഹം ഓര്‍മിപ്പിച്ചിട്ടുമുണ്ട്.