തിരുവനന്തപുരം: ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എൽ.ഡി.എഫിന് ഒരു ആശങ്കയുമില്ലെന്നും നല്ലരീതിയിൽ പോരാട്ടം നടത്താനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളോടൊപ്പമാണ് എൽ.ഡി.എഫ്. എൽ.ഡി.എഫിനൊപ്പമാണ് ജനങ്ങൾ. ജനങ്ങളുടെ സഹകരണത്തോടെ നടത്തിയ വികസനപ്രവർത്തനങ്ങളെ പ്രതിപക്ഷം അവഹേളിക്കുമ്പോൾ അവർ ജനങ്ങളെയാണ് അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിന്റെ വികസനമുന്നേറ്റജാഥയുടെ തെക്കൻ മേഖലാ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ്. സർക്കാരിന്റെ നേട്ടങ്ങളുടെ നേരവകാശി ജനങ്ങളാണ്. ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. പ്രതിപക്ഷം ഒന്നിനും അനുകൂലമായില്ല. ചെയ്യാൻ പറ്റുന്നതേ പറയൂവെന്നും പറഞ്ഞാൽ അതുചെയ്യുമെന്നതുമാണ് എൽ.ഡി.എഫിന്റെ പ്രത്യേകത.

ജനങ്ങൾക്ക് സംതൃപ്തിയുണ്ടെന്ന് അറിയാവുന്നതിനാൽ അവരെ തെറ്റിദ്ധരിപ്പിക്കാനുള്ള കാര്യങ്ങൾ ഗവേഷണം നടത്തി കണ്ടുപിടിക്കാൻ നോക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷനേതാവിന്റെ ജാഥയുടെ അവസാന സമയം നോക്കി, സർക്കാർ ഒരു തെറ്റുചെയ്തെന്നു ചിത്രീകരിക്കാൻ ശ്രമം നടന്നു. ആഴക്കടൽ മത്സ്യബന്ധനത്തിന് യു.എസ്. കമ്പനിയെ കൊണ്ടുവരാൻ സർക്കാർ നടപടിയെടുത്തെന്നാണു പറഞ്ഞത്. നയപരമായി എൽ.ഡി.എഫ്. അംഗീകരിക്കാത്ത കാര്യം സർക്കാർ അംഗീകരിക്കില്ലെന്ന് എല്ലാവർക്കുമറിയാം. ഒരുനിമിഷംപോലും സ്തംഭിച്ചുനിൽക്കാതെ ധാരണാപത്രം റദ്ദാക്കാൻ നിർദേശം നൽകി. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധി എൽ.ഡി.എഫ്. സർക്കാരിനെക്കുറിച്ച് പറയുന്ന കാര്യങ്ങൾ കോൺഗ്രസിന്റെ ദേശീയനേതാവെന്ന നിലയിൽ അദ്ദേഹത്തിനു ചേർന്നതല്ല. കോൺഗ്രസ് ബി.ജെ.പി.യുമായി ഏറ്റുമുട്ടുന്നിടത്ത് അദ്ദേഹത്തിനുപോകാൻ മടിയെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു.

സംഘാടകസമിതി ചെയർമാൻ ജി.ആർ. അനിൽ അധ്യക്ഷനായി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.പി. ജയരാജൻ, മേയർ ആര്യാ രാജേന്ദ്രൻ, ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം, വി.കെ. പ്രശാന്ത് എം.എൽ.എ., തോമസ് ചാഴിക്കാടൻ എം.പി., എം.വി. ഗോവിന്ദൻ, പന്ന്യൻ രവീന്ദ്രൻ, ജോസ് കെ. മാണി, വി. ശിവൻകുട്ടി, വി. സുരേന്ദ്രൻപിള്ള തുടങ്ങിയവർ സംബന്ധിച്ചു.

Content Highlights: pinarayi vijayan, kerala assembly election 2021