പീഡാനുഭവങ്ങള്‍ക്ക് ശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് പിണറായി വിജയന്റെ മുഖ്യമന്ത്രി കസേരയിലേക്കുള്ള അരങ്ങേറ്റം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നാകെ തന്റെ കൈപ്പിടിയില്‍ ഒതുക്കാന്‍ പിണറായിക്ക് കഴിഞ്ഞതുകൊണ്ടാണ് ഒരു കരിയിലയിളക്കം പോലും ഉണ്ടാകാതെ അദ്ദേഹം ഏകകണ്ഠമായി മുഖ്യമന്ത്രി പദത്തില്‍ എത്തിയത്. കുട്ടിക്കാലത്ത് ദാരിദ്ര്യത്തോട് ഏറ്റുമുട്ടി, വിദ്യാഭ്യാസം തുടരാന്‍ നെയ്ത്ത് തൊഴിലാളിയായി. രാഷ്ട്രീയ രംഗത്തെത്തിയപ്പോള്‍ ഊണും ഉറക്കവും ഉപേക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു.

1972-ലെ തലശ്ശേരി കലാപകാലത്ത് ജീവനുവരെ വെല്ലുവിളി ഉയര്‍ന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ ജയിലില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം തനിക്ക് നേരിട്ട മര്‍ദ്ദനങ്ങളുടെ കഥ നിയമസഭയില്‍ വിവരിച്ചത് സഭ വീര്‍പ്പടക്കിയാണ് കേട്ടത്. അന്ന് പ്രസ് ഗാലറിയില്‍ ഇരുന്നിരുന്ന ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തകര്‍ക്ക് ആ പ്രസംഗം ഒരു പുതിയ അനുഭവമായിരുന്നു. കടലാസ് വീണാല്‍ പോലും കേള്‍ക്കാവുന്ന നിശ്ശബ്ദതയായിരുന്നു ആ പ്രസംഗം തീരുന്നതുവരെ ഉണ്ടായത്. പ്രസംഗത്തിന്റെ സമയം നീണ്ടുപോയിട്ടും ചെയറില്‍ നിന്ന് ഇടപെടലുണ്ടായില്ല.

അതിനുശേഷം പലതവണ വധഭീഷണികളെ അതിജീവിക്കേണ്ടിവന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറിയായതിനുശേഷം മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയ പ്രതിയോഗികളില്‍ നിന്നും ഇത്രയേറെ ആക്രമണങ്ങള്‍ക്ക് വിധേയനായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ല. മികച്ച വൈദ്യുതി മന്ത്രിയെന്ന് പേര് നേടിയെങ്കിലും ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ അദ്ദേഹത്തെ ഒഴിയാബാധപോലെ പിന്തുടര്‍ന്നു. ലാവലിന്‍ കേസ് കേരളത്തില്‍ ഒരു രാഷ്ട്രീയ ഭൂകമ്പമായി മാറിയെങ്കിലും അതില്‍ അടിപതറാതെ നിന്ന പിണറായി കോടതിവിധിയിലൂടെ അഗ്നിശുദ്ധിവരുത്തുകയും ചെയ്തു.

സി.പി.എം. സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ സംഘടനയ്ക്കകത്തും പുറത്തും ഏറ്റവും അധികം പ്രതിസന്ധികളെ നേരിടേണ്ടിവന്ന പിണറായി, സംഘടനയെ ശിഥിലമാക്കാതെ ഐക്യത്തോടെ പിടിച്ചുനിര്‍ത്താന്‍ അസാമാന്യമായ സംഘടനാ പാടവമാണ് പുലര്‍ത്തിയത്. ആ സ്വാധീനം അരക്കിട്ട് ഉറപ്പിച്ചതുകൊണ്ടാണ് സി.പി.എമ്മിന്റെ ചോദ്യംചെയ്യാനാവാത്ത അനിഷേധ്യ നേതാവായി മാറാന്‍ കഴിഞ്ഞത്. ഇന്നിപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും പിണറായിയുടെ ഒക്കത്താവുകയും ചെയ്തു. പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ പിന്തുണയും ശക്തമായ ജനവിധിയുമാണ് പിണറായിയുടെ മുഖ്യമന്ത്രിക്കസേര സുദൃഢമാക്കുന്നത്. കേരളം ഒരു വികസന പ്രതിസന്ധി നേരിടുകയും സാമ്പത്തിക രംഗം കടക്കെണിയില്‍ എത്തിനില്‍ക്കുന്നതുമായ സന്ദര്‍ഭത്തില്‍ വൈതരണികളേയും വൈഷമ്യങ്ങളേയും അതിജീവിച്ച് കേരളത്തിന്റെ വികസന പ്രക്രിയ സുഗമമാക്കാനുള്ള ചരിത്രനിയോഗമാണ് പിണറായി എറ്റെടുത്തിരിക്കുന്നത്.

തീരുമാനങ്ങള്‍ അതിവേഗത്തില്‍ എടുക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും എത്രയും പെട്ടെന്ന് അത് നടപ്പിലാക്കാനുള്ള നിര്‍ബന്ധബുദ്ധിയുമാണ് പിണറായിയുടെ ഏറ്റവും വലിയ സവിശേഷത. രാഷ്ട്രീയ ജീവിതത്തിലെ തിക്താനുഭവങ്ങള്‍ അദ്ദേഹത്തെ ഒരു പരുക്കക്കാരനും ഗൗരവക്കാരനും ആയി മാറ്റിയിട്ടുണ്ടെങ്കിലും മനസ്സില്‍ സ്‌നേഹവാത്സല്യങ്ങള്‍ ചൊരിയാന്‍ പിണറായിക്ക് സാധിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങള്‍ ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയാനുള്ള അദ്ദേഹത്തിന്റെ ആര്‍ജ്ജവം പലപ്പോഴും വിവാദങ്ങള്‍ വിളിച്ചുവരുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും പിന്‍വലിച്ച് തോറ്റോടാന്‍ പിണറായി തയ്യാറായിട്ടില്ല.

ഏത് കാര്യത്തിലുമുള്ള ഉറച്ച അഭിപ്രായവും നിലപാടുമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയവ്യക്തിത്വത്തിന്റെ പൊരുള്‍. പുറമെ ഒരു ഏകാധിപതിയായി തോന്നുമെങ്കിലും എല്ലാവരുടെയും അഭിപ്രായങ്ങള്‍ സമാഹരിച്ച് എല്ലാവരേയും കൂട്ടിയിണക്കിക്കൊണ്ടുപോകുന്നതില്‍ പിണറായി വിജയിച്ചിട്ടുണ്ട്, കേരളം ആഗ്രഹിക്കുന്നതും അതാണ്.