തിരുവനന്തപുരം: പ്രതിപക്ഷത്തെ ചിലർ വിമർശിക്കാൻവേണ്ടിമാത്രം പറയുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനങ്ങൾ ശരിയായ രീതിയിൽ നടത്തുന്നതാകണം. അങ്ങനെ ഒരുകാര്യവും പറയാൻ പ്രതിപക്ഷത്തിന് ഇല്ലാത്തതുകൊണ്ടാണ്, തങ്ങൾ വിമർശിക്കേണ്ടവരാണെന്ന രീതിയിൽ എന്തെങ്കിലും പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസാസ്റ്റർ മാനേജ്‌മെന്റ് തന്നെ ദുരന്തമായി മാറിയെന്ന നിയമസഭയിൽ കെ. ബാബുവിന്റെ പരാമർശമാണ് മുഖ്യമന്ത്രിയുടെ പരാമർശത്തിനു കാരണം.

സർക്കാരിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും കുറവുണ്ടാകുന്നത് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തി മുന്നോട്ടുപോകാനാകും. കാടടച്ച് വെടിവെക്കുന്ന രീതി പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ശരിയായ രീതിയല്ല. പല കാര്യങ്ങളിലും യോജിച്ച് നിൽക്കാൻ പ്രതിപക്ഷം തയ്യാറാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വകുപ്പിന്റെ സാങ്കേതിക സംവിധാനം അത്ര പോരാ

ചില പ്രദേശങ്ങളിലെ മഴയുടെ തോത് മനസ്സിലാക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം കാലാവസ്ഥാ നിരീക്ഷണ വകുപ്പിന് ഇപ്പോഴില്ലെന്നത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി. ഇത് കുറ്റപ്പെടുത്തലായല്ല, പോരായ്മയായാണ് കാണേണ്ടത്. കാലാവസ്ഥാ മുന്നറിയിപ്പ് ശരിയായ രീതിയിൽ ലഭിച്ചില്ലെന്ന ആക്ഷേപം സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു ഈ പ്രതികരണം.

content highlights: pinarayi vijayan criticises opposition