തിരുവനന്തപുരം: സി.പി.എമ്മിൽ പിണറായി വിജയൻ എത്രത്തോളം തീപ്പൊരിയാണോ അത്രത്തോളം തീപ്പൊരിയാണ് കോൺഗ്രസിൽ കെ. സുധാകരനും. സുധാകരൻ കെ.പി.സി.സി. പ്രസിഡന്റായതോടെ ഇരുവരും ക്ലോസ് റേഞ്ചിൽനിന്ന് വെടിയുതിർക്കാൻ തുടങ്ങി.

കോൺഗ്രസിലെ മാറിയ സാഹചര്യത്തിൽ പാർട്ടിയും നിയമസഭാകക്ഷിയുമെന്ന നിലയിൽ രണ്ട് വഴികളിലൂടെയും പ്രതിപക്ഷം ആക്രമണം കടുപ്പിക്കുകയാണ്. സി.പി.എമ്മിലും എൽ.ഡി.എഫിലും സർക്കാരിലും പൂർണമായ നിയന്ത്രണം പിണറായി വിജയനായതിനാൽ മറുപടി പറയാനുള്ള ചുമതലയും മുഖ്യമന്ത്രിയിൽതന്നെ വന്നുചേരുന്നു.

ഭരണതലത്തിലെ ആരോപണങ്ങൾ രാഷ്ട്രീയവിഷയമാക്കി മാറ്റുന്നത് പൊതുരംഗത്തെ കൗതുകക്കാഴ്ചയാണ്. വിഷയം രാഷ്ട്രീയമാക്കി മാറ്റിയാൽ നേരിടാൻ എളുപ്പമാകുമെന്ന സൗകര്യമുണ്ടാകും. മരംമുറി കേസിൽനിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി സുധാകരനെ കടന്നാക്രമിച്ചതെന്ന വിമർശനം പ്രതിപക്ഷം ഉയർത്തുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

സാക്ഷികളും മൊഴികളും ഹാജർ

മുഖ്യമന്ത്രിയായതിനാൽ ആരോപണങ്ങൾ ഉന്നയിക്കാൻ പിണറായി വിജയന് പരിമിതികളുണ്ട്. കാരണം അതന്വേഷിക്കാനുള്ള ബാധ്യതയും അദ്ദേഹത്തിൽ നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ മുൻമന്ത്രി എ.കെ. ബാലനും സുധാകരന്റെ എതിർചേരിയിലായ മമ്പറം ദിവാകരനും അടക്കമുള്ളവരെ കൂട്ടുപിടിച്ചും ഉദ്ധരിച്ചുമായിരുന്നു സുധാകരനുനേരേയുള്ള ആയുധങ്ങൾക്ക് മുഖ്യമന്ത്രി മൂർച്ചകൂട്ടിയത്.

സുധാകരനും അതേനാണയത്തിൽ തിരിച്ചടിച്ചു. പിണറായി വിജയൻ കൊടുവാൾകൊണ്ട് വെട്ടി പരിക്കേല്പിച്ചെന്ന് പറയുന്ന കണ്ടോത്ത് ഗോപിയെയും കൊലപാതകക്കേസിൽ പിണറായി പ്രതിയായ എഫ്.ഐ.ആറും ഹാജരാക്കിയായിരുന്നു സുധാകരന്റെ പ്രത്യാക്രമണം. സുധാകരൻ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ആരോപണത്തിനുള്ള മറുപടിയായിരുന്നു ഇത്. മുഖ്യമന്ത്രി ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

ബി.ജെ.പി. ബാന്ധവവും ആയുധം

സുധാകരൻ പ്രസിഡന്റായപ്പോൾതന്നെ ബി.ജെ.പി. ബന്ധം ആരോപിച്ച് സി.പി.എം. രംഗത്തുവന്നിരുന്നു. കേരളത്തിൽ മുഖ്യശത്രു സി.പി.എം. ആണെന്ന് അദ്ദേഹം പറഞ്ഞതായിരുന്നു ആക്രമണത്തിനുള്ള വെടിമരുന്ന്. വ്യക്തിഗത പ്രസ്താവനകളായി വന്ന ആക്രമണം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയായി മാറിയതോടെ സുധാകരനും ചെന്നിത്തലയുമടക്കം അതിനെതിരേ പ്രതികരിച്ചു. മുഖ്യമന്ത്രി വീണ്ടുമിതെടുത്തിട്ടതോടെ പിണറായി വിജയന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് വിജയം ജനസംഘത്തിന്റെ പിന്തുണയിലായിരുന്നുവെന്ന് ആരോപിച്ച് സുധാകരൻ മറുപടിനൽകി.

അണികൾക്ക് ആവേശം

വിവാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും വാക്‌പോരാട്ടം തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് നിരാശയിലായ അണികളെ ഉണർത്താൻ സഹായമായെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന നിലയിലുള്ള അവകാശവാദം വരുമ്പോൾ അതിന്റെ മറുവശം പറഞ്ഞില്ലെങ്കിൽ ശരിയാകില്ലെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. മുളയിലേ നുള്ളിയില്ലെങ്കിൽ ഇത്തരം അവകാശവാദം കൂടുതലായി ഉയരുമെന്നും പാർട്ടി വിലയിരുത്തി.

Content Highlights: pinarayi vijayan and k sudhakaran