: സി.പി.എമ്മിൽ വിഭാഗീയതയുടെയും ഗ്രൂപ്പുകളുടെയും വടംവലിക്കാലത്താണ് ‘മാധ്യമസിൻഡിക്കേറ്റ്’ എന്ന പ്രയോഗം വിവാദമായത്. സി.പി.എമ്മിനെ തകർക്കാൻ ഒരേ വാർത്തകൾ ഒരേ കേന്ദ്രങ്ങളിൽനിന്ന് ഉത്‌പാദിപ്പിക്കുകയും ഒരു സംഘം മാധ്യമപ്രവർത്തകർ അത് ഏറ്റെടുക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപവുമായി അന്നത്തെ സംസ്ഥാനസെക്രട്ടറി പിണറായി വിജയനാണ് ഇതിന് പ്രചാരംനൽകിയത്. ഇപ്പോഴിതാ വീണ്ടും മാധ്യമ സിൻഡിക്കേറ്റ് എന്ന ആക്ഷേപവുമായി രംഗത്തിറങ്ങിയിരിക്കുന്നതും പിണറായിതന്നെ. അന്ന് പാർട്ടിയെ തകർക്കുകയായിരുന്നു മാധ്യമ സിൻഡിക്കേറ്റിന്റെ ലക്ഷ്യമെങ്കിൽ ഇന്നത് സർക്കാരിനെതിരായ പ്രവർത്തനത്തിലാണെന്ന് അദ്ദേഹം ആക്ഷേപിക്കുന്നു.
കെ.എസ്.എഫ്.ഇ.യിലെ വിജിലൻസ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദമാണ് വീണ്ടും മാധ്യമസിൻഡിക്കേറ്റ് പ്രയോഗത്തിന് മുഖ്യമന്ത്രിക്ക് പ്രേരണയായത്. നേരത്തേ, പാർട്ടിയിൽ വി.എസിന്റെയും അനുകൂലികളുടെയും എതിർപ്പുകളും അതിനെത്തുടർന്നുള്ള വിവാദങ്ങളുമായിരുന്നു പാർട്ടിസെക്രട്ടറിയെ ക്ഷുഭിതനാക്കിയത്. വി.എസ്. പക്ഷത്തെ ചിലരുടെ സഹായത്തോടെയാണ് മാധ്യമസിൻഡിക്കേറ്റ് പ്രവർത്തിച്ചതെന്ന ആക്ഷേപവും പാർട്ടിനേതൃത്വം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, അത്തരത്തിൽ ആക്ഷേപിക്കുന്നവർതന്നെ ഒരു സിൻഡിക്കേറ്റായി പ്രവർത്തിക്കുന്നുവെന്നായിരുന്നു ഒരു ഘട്ടത്തിൽ വി.എസിന്റെ പ്രതികരണം.
വിഭാഗീയത കത്തിക്കാളിനിന്ന മലപ്പുറം സമ്മേളനവും തുടർന്നുള്ള ദിനങ്ങളും ഇത്തരം കൊണ്ടുംകൊടുക്കലുമായി സജീവമായിരുന്നു. പാർട്ടിസെക്രട്ടറിയെ തകർക്കുകയെന്നാൽ പാർട്ടിയെ തകർക്കുകയാണ് ലക്ഷ്യമെന്ന് പിണറായി ഓർമിപ്പിച്ചു. അങ്ങനെ പാർട്ടിയെ കൂടെനിർത്താനും അദ്ദേഹത്തിനായി.
ഇപ്പോൾ സർക്കാരിനെതിരേ ഒറ്റയ്ക്കും തെറ്റയ്ക്കും വരുന്ന വിമർശനങ്ങൾ വീണ്ടും പഴയ അവസ്ഥയെ ഓർമിപ്പിക്കുന്നുവെന്ന തോന്നൽ ചില കേന്ദ്രങ്ങളിലുണ്ട്. അത് മുന്നിൽക്കണ്ടാണ്, മുഖ്യമന്ത്രിയുടെ ഓഫീസ് ലക്ഷ്യമിട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കമെന്ന ആരോപണം നേരത്തേത്തന്നെ മുഖ്യമന്ത്രി ഉന്നയിച്ചത്.
അത്തരം അന്വേഷണത്തിനും കേന്ദ്ര ഏജൻസികൾക്കും എതിരായ സമരങ്ങളുമായി മുന്നോട്ടുപോകാൻ പാർട്ടി തീരുമാനിച്ചതും അതിന്റെ ഭാഗമായിത്തന്നെ. പാർട്ടിയെക്കാൾ കൂടെയുള്ള ഉപദേഷ്ടാക്കളുടെയും ഉദ്യോഗസ്ഥരുടെയും വാക്കുകൾക്കാണ് മുഖ്യമന്ത്രി കൂടുതലായി ചെവികൊടുക്കുന്നതെന്ന് പാർട്ടിക്കകത്ത് ചില വിമർശനങ്ങളുയർന്നിരുന്നു. അതിന്റെകൂടി തുടർച്ചയായാണ് സർക്കാരിന് കവചമായി പാർട്ടിയെ രംഗത്തിറക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം.
വിമർശനങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഒരിക്കൽക്കൂടി മാധ്യമസിൻഡിക്കേറ്റ് പ്രയോഗം. പാർട്ടിയിലെയും സർക്കാർതലത്തിലെയും വാർത്തകൾ പുറത്തുപോകുന്നത് തടയുകയെന്നതുതന്നെ ഇതിന്റെ ലക്ഷ്യം. സർക്കാർസംവിധാനങ്ങൾ സഹായത്തിനുള്ളപ്പോൾ വാർത്തകൾ ചോരുന്നത് കണ്ടെത്തുക എളുപ്പമാണ്. അങ്ങനെ കണ്ടെത്തുമെന്ന പ്രതീതികൂടി കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. സർക്കാരിന്റെ രഹസ്യങ്ങൾ വാർത്തകളായി പുറത്തുപോകുന്ന വഴിയടയ്ക്കുകയെന്നതുതന്നെ അതിൽ പ്രധാനം.
വിജിലൻസിന്റെ സത്യസന്ധതയായി പരിശോധനയെ കാണുന്നതിനുപകരം ഐസക്കിന്റെ പെട്ടെന്നുള്ള പ്രതികരണം സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയെന്നാണ് വിമർശനം.
ഈ വിഷയത്തിലും വിവരങ്ങൾ പുറത്തുപോയത് എവിടെനിന്നാണെന്ന് മുഖ്യമന്ത്രിക്കും സംഘത്തിനും ബോധ്യമുണ്ട്. അതിന്റെകൂടി പശ്ചാത്തലത്തിലാണ് വീണ്ടും മാധ്യമസിൻഡിക്കേറ്റ് എന്ന വാളെടുത്ത് മുഖ്യമന്ത്രി വീശിയിരിക്കുന്നത്.
Content Highlight: Pinarayi Vijayan again raised allegation 'Media Syndicate'