തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞാണ് രാഹുൽഗാന്ധി അഭിനന്ദിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

‘‘രാഹുൽഗാന്ധി നല്ല നിലയിലാണ് കാര്യങ്ങൾ കണ്ടത്. ദേശീയനേതാവ് എന്നനിലയിൽ രാജ്യത്ത് നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെല്ലാം കാണുന്നയാളാണ്. വ്യത്യസ്ത സംസ്ഥാനങ്ങളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇവിടത്തെ കാര്യങ്ങളെ കണ്ടതും അഭിനന്ദിച്ചതും. അതിൽ പ്രതിപക്ഷനേതാവ് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതിൽ ഞാൻ ഇടപെടുന്നില്ല’’-മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെഡിക്കൽ കോളേജിനെതിരേയുണ്ടായ ആരോപണങ്ങൾ വസ്തുതാപരമല്ല. സർക്കാരിനെ ആക്രമിക്കാൻ അവസരം കാത്ത് നിൽക്കുന്നവർപോലും ഇതിനോടു യോജിക്കുന്നില്ല. ഡോക്ടർമാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്. െതറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ചിലർ രംഗത്തുവരുന്നുണ്ട്. ഇത് സർക്കാർ ഗൗരവമായി കാണും.

അഞ്ച് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ഓഡിറ്റ് നിർത്തിവെച്ചത്. സോഫ്റ്റ്‌വേറുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൈറ്റാനിയം: സി.ബി.ഐ. നിലപാട് ആശ്ചര്യകരം

ടൈറ്റാനിയം കേസന്വേഷണം ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയ സി.ബി.ഐ. നിലപാട് ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി. വടക്കാഞ്ചേരിയിൽ പരാതി കൊടുത്തപ്പോൾത്തന്നെ സി.ബി.ഐ. കേസെടുത്തു. അതിനെക്കാൾ ഗൗരവതരമായ പ്രശ്നത്തിലാണ് സർക്കാർ അന്വേഷണം ആവശ്യപ്പെട്ടത്.

വിദേശത്ത് നടന്ന കാര്യങ്ങളിൽ തെളിവെടുക്കേണ്ടതുകൊണ്ടാണ് സി.ബി.ഐ.യോട് ആവശ്യപ്പെട്ടത്. എന്നാൽ, ആശ്ചര്യകരമായ നിലപാടാണ് സി.ബി.ഐ. സ്വീകരിച്ചത് -മുഖ്യമന്ത്രി പറഞ്ഞു.

കുമ്മനത്തിനെതിരായ കേസിൽ രാഷ്ട്രീയമില്ല

കുമ്മനം രാജശേഖരനെ പ്രതിയാക്കി കേസെടുത്തതിൽ രാഷ്ട്രീയമില്ല. ഒരു കേസും രാഷ്ട്രീയമായി എടുക്കാറില്ല -മുഖ്യമന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട വ്യക്തിയെ നാടുകടത്താൻ മന്ത്രി കെ.ടി. ജലീൽ ഇടപെട്ടുവെന്ന രീതിയിൽ ആരും മൊഴി നൽകിയിട്ടില്ല. എന്നാൽ, മന്ത്രിയുടെ വാട്‌സാപ്പ് ഹാക്ക് ചെയ്ത് സംഭാഷണം ലീക്ക് ചെയ്ത് പ്രചരിപ്പിച്ചു എന്നൊരു പരാതി ലഭിച്ചിട്ടുണ്ട്. അത് ഗൗരവമുള്ളതാണ്. ഇതേക്കുറിച്ച് അന്വേഷിക്കും. സ്‍പ്രിംക്ളർ ഇടപാടിലെ അന്വേഷണറിപ്പോർട്ട് ലഭിച്ചു. വിശദമായി പരിശോധിച്ച് നടപടിയെടുക്കും -മുഖ്യമന്ത്രി പറഞ്ഞു.

കശുവണ്ടി കേസ്: സി.ബി.ഐ. കണ്ടെത്തലുകൾ വാസ്തവവിരുദ്ധം

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ.യുടെ കണ്ടെത്തലുകൾ വാസ്തവവിരുദ്ധമായതുകൊണ്ടാണ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാത്തത്. സി.ബി.ഐ.യുടെ കണ്ടെത്തലുകൾ ശരിയല്ലെന്നാണ് നിയമോപദേശം ലഭിച്ചത്.

അത്തരമൊരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകാനാവില്ല. ഈ പറയുന്നവരെ കുറ്റപ്പെടുത്താനുള്ള കാരണം കാണുന്നില്ല. നേരത്തേതുടർന്നുവരുന്ന സമ്പ്രദായമാണ് അവർ സ്വീകരിച്ചത് -മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: pinarayi vijayan about rahul gandhi's remark