തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിക്കുന്നു. സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ ഡി.ഐ.ജി. (സെക്യൂരിറ്റി) യുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപവത്കരിക്കണമെന്ന പോലീസ് മേധാവിയുടെ നിർദേശം ആഭ്യന്തര വകുപ്പ് അംഗീകരിച്ചതിനെ തുടർന്നാണിത്.

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ മേൽനോട്ടം ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്ന ശുപാർശയും അംഗീകരിച്ചു. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം പൊതുഭരണ വകുപ്പ് ആലോചിക്കുകയാണെന്നും ആഭ്യന്തരവകുപ്പ് ഡി.ജി.പി.ക്കു നൽകിയ കത്തിൽ വ്യക്തമാക്കി.

ഇസഡ് പ്ലസ് സുരക്ഷയാണ്‌ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം യൂത്ത് കോൺഗ്രസ് മാർച്ച് പോലീസ് വിലക്കുകൾ ലംഘിച്ച് ക്ലിഫ് ഹൗസിനു മുന്നിലെത്തിയതോടെയാണ്‌ സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഇന്റലിജൻസ് റിപ്പോർട്ടുകളും കണക്കിലെടുത്തു.