തിരുവനന്തപുരം: സഹകരണമേഖലയ്ക്കെതിരായ നീക്കങ്ങൾ കേരളത്തിന് എതിരായ നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണമേഖലയെ അപകടത്തിലാക്കരുതെന്ന് കേരളം ഇത്തരക്കാരോട് പലവട്ടം അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണവകുപ്പിന്റെ കെയർ ഹോം രണ്ടാംഘട്ട പദ്ധതിയിൽപ്പെടുത്തി തൃശ്ശൂർ പഴയന്നൂരിൽ നിർമിച്ച ഭവനസമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

2018-ലെ മഹാപ്രളയത്തിൽ തകർന്നവർക്കായി 2,090 വീടുകൾ സഹകരണവകുപ്പ് നിർമിച്ചു. ഏതെങ്കിലും തരത്തിൽ പലിശ പിടുങ്ങി ലാഭംകൂട്ടുക എന്നു ചിന്തിച്ചുകൊണ്ടിരിക്കുന്ന ആർത്തിപ്പണ്ടാരത്തിന്റെ നിലയല്ല സഹകരണ ബാങ്കുകൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാർ പി.ബി. നൂഹ്, തൃശ്ശൂർ കളക്ടർ ഹരിത വി. കുമാർ തുടങ്ങിയവർ പങ്കെടുത്തു.