തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ചെമ്പോല യഥാർഥമെന്ന് സർക്കാർ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണശേഷം ശക്തമായ നടപടി സ്വീകരിക്കും. ചെമ്പോലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പണം കൈമാറുന്ന വേളയിൽ പ്രമുഖ രാഷ്ട്രീയ നേതാവ് അവിടെ ഉണ്ടായിരുന്നെന്ന പരാതി ലഭിച്ചാൽ പരിശോധിക്കും. ഐ.ടി. വിദഗ്ധർ പങ്കെടുക്കുന്ന കൊക്കൂൺ സമ്മേളനത്തിൽ മോൻസൺ പങ്കെടുത്തതായി രേഖപ്പെടുത്തിയിട്ടില്ല. മുൻ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ മോൻസന്റെ വീട്ടിൽ പോകാനിടയായ സാഹചര്യം വ്യക്തമല്ല. സന്ദർശനശേഷം മോൻസണെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് കിട്ടിയ ശേഷമാണ് ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ടത്. മോൻസന്റെ വീടിന് നൽകിയ സുരക്ഷ സ്വാഭാവികമായ നടപടിയാണെന്ന് പോലീസ് മേധാവി വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷാഫി പറമ്പിൽ, എം. വിൻസെന്റ്, സി.ആർ. മഹേഷ്, സജീവ് ജോസഫ്, സി.എച്ച്. കുഞ്ഞമ്പു, പി.പി. ചിത്തരഞ്ജൻ, കെ.ഡി. പ്രസേനൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.