ഴികൾ പിണരുന്ന സ്ഥലമാണ് പിണറാഴിയും പിന്നെ പിണറായിയുമായത്. കൂട്ടിച്ചേർക്കുന്നവൻ അഥവാ സംഘാടകനാണ് പിണറായി. എതിർപ്പിനെ വിച്ഛേദിക്കുന്ന മിന്നൽപിണറായിരിക്കുമ്പോൾത്തന്നെ ജനതയെ ചേർത്തുപിടിക്കുന്നതിലെ കരുതൽ. സുഖശീതളിമയാർന്ന പരിരംഭണങ്ങളിലൂടെയല്ല, പരുപരുത്ത ജീവിതയാഥാർഥ്യങ്ങൾക്കിടയിലൂടെയാണ് അല്പം കുനിഞ്ഞ്, എന്നാൽ ആർക്കുമുന്നിലും മനസ്സുകുനിക്കാതെ അദ്ദേഹം നടന്നുനീങ്ങിയത്. എത്രമാത്രം എതിർക്കപ്പെടുന്നുവോ അത്രയും കരുത്തുകൂടുന്നതാണ് പ്രകൃതം.

അനുയായികളുടെ വലയത്തിനകത്ത്‌ അവരെ കവചമാക്കി തല്ലുകൊള്ളാതെ നിൽക്കുന്നതായിരുന്നില്ല, ആദ്യത്തെ അടിതന്നെ സ്വയമേൽക്കുന്ന സ്വഭാവം. തലശ്ശേരി കോടതിക്കുമുമ്പിൽ നടന്ന വിദ്യാർഥിസമരത്തിനിടയിൽ പോലീസ് തല്ലിച്ചതച്ച് കടലിൽചാടിച്ച അനുഭവം. പിന്നെ അടിയന്തരാവസ്ഥയിൽ പിണറായി എടക്കടവിലെ വീടുവളഞ്ഞ്‌ പിടിച്ചുകൊണ്ടുപോയി കൊടിയമർദനത്തിനിരയാക്കി. കൂത്തുപറമ്പിലും കണ്ണൂർ ടൗണിലുമുള്ള ലോക്കപ്പുകളിൽ കൊണ്ടുപോയി മർദിച്ചു. ലാത്തിപൊട്ടുംവരെ പ്രഹരം. കൈകാലുകളും ശരീരമാസകലവും ലാത്തികൊണ്ടുഴിഞ്ഞിട്ടും പിന്നെയും എഴുന്നേറ്റ്‌ കരുത്തോടെ നിന്നു. ജീവച്ഛവമായി കണ്ണൂർ സെൻട്രൽ ജയിലിലേക്ക്‌. പിന്നെ അടിയന്തരാവസ്ഥയ്ക്ക് അയവുവരുന്നതുവരെ അവിടെ.

വിജയനെന്ന അജയ്യൻ

1986-ൽ സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നതോടെയാണ് പിണറായിയുടെ രാഷ്ട്രീയജീവിതത്തിന്റെ രണ്ടാംകാണ്ഡത്തിന്റെ തുടക്കം. സി.എം.പി.യുമായി എം.വി.ആർ. സിപി.എമ്മിന് കടുത്ത വെല്ലുവിളിയുയർത്തിയപ്പോൾ എം.വി.ആറിന്റെ തട്ടകമായ കണ്ണൂർ ജില്ലയിൽ ചോർച്ചയ്ക്ക്‌ തടയിട്ട് പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക്‌. സി.പി.എം.വിഭാഗീയതയുടെ ആ ഗുരുതരകാലത്ത്‌ പിൻവാങ്ങേണ്ടിടത്ത്‌ പിൻവാങ്ങി ഒതുങ്ങിനിന്നും കയറിക്കളിക്കേണ്ടിടത്ത്‌ കയറിക്കളിച്ചും ഒടുവിൽ ക്യാപ്റ്റന്റെ റോളിലേക്ക്. ആ റോളിലെത്തുന്നതിനുമുമ്പ്‌ വൈദ്യുതി- സഹകരണ മന്ത്രിയായി രണ്ടുവർഷം. രാജ്യത്തെ ഏറ്റവുംവലിയ സഹകരണഗ്രാമത്തിന്റെ മകൻ സഹകരണത്തിന്റെയും വൈദ്യുതിയുടെയും മന്ത്രി. വൈദ്യുതോത്പാദനത്തിലും വിതരണത്തിലും വമ്പിച്ച മാറ്റമുണ്ടാക്കി ഭരണവൈഭവം തെളിയിച്ച്‌ മുക്തകണ്ഠ പ്രശംസ നേടി പാർട്ടിയുടെ സാരഥ്യത്തിലേക്ക്‌.

ചെറിയൊരു ഇടവേളയ്ക്കുശേഷം സി.പി.എമ്മിൽ വിഭാഗീയതയുടെ മൂന്നാംതരംഗം ഈ നൂറ്റാണ്ടിന്റെ തുടക്കത്തോടെ. ഒരേസമയം, അകത്തും പുറത്തും നിന്നുമുണ്ടായ എതിർപ്പുകളെയും ആരോപണങ്ങളെയും അതിജീവിക്കാൻ കഴിഞ്ഞതോടെ അജയ്യൻ. ലാവലിൻ കരാറിന്റെ പേരിൽ വലിയ ആരോപണങ്ങളും കേസുമെല്ലാമുണ്ടായെങ്കിലും മലബാറിലാദ്യമായി അർബുദചികിത്സാലയം യാഥാർഥ്യമാക്കിയെന്നതാണ് വാസ്തവത്തിൽ അതിന്റെ ബാക്കിപത്രം. പാർട്ടിക്കകത്ത്‌ രണ്ടുപക്ഷങ്ങൾ ഏറ്റുമുട്ടിക്കൊണ്ടിരുന്നപ്പോഴും മിന്നുന്ന തിരഞ്ഞെടുപ്പുവിജയങ്ങളുണ്ടായത് ശ്രദ്ധിക്കപ്പെട്ടു. 2004-ൽ ലോക്‌സഭയിലേക്ക്‌ 20-ൽ 18 പേരെ വിജയിപ്പിച്ച്‌ ചരിത്രം സൃഷ്ടിച്ചു. 2006-ൽ തരംഗവും 2011-ൽ വിജയത്തോടടുത്ത് പരാജയമുണ്ടായപ്പോഴും പാർട്ടിയെ നയിച്ചത് പിണറായിതന്നെ. പാർട്ടിക്കകത്ത്‌ പിണറായിയും കോടിയേരിയും ചേർന്നാലുണ്ടാകുന്ന പ്രത്യേക രസതന്ത്രം സംഘടനയ്ക്കകത്തെയും പൊതുരംഗത്തെയും ജൈത്രയാത്രയ്ക്ക്‌ കരുത്താകുന്നു.

നിശ്ചയദാർഢ്യത്തിന്റെ പ്രതീകം

മുന്നോട്ടുവെച്ചകാൽ പിറകോട്ടെടുക്കാത്ത നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് പിണറായി വിജയൻ. എതിർപ്പുകളാൽ അസാധ്യമെന്ന്‌ കരുതിയ ഗെയ്‌ൽ പൈപ്പ്‌ലൈൻ പദ്ധതി പൂർത്തിയാക്കിയും ദേശീയപാത സ്ഥലമെടുപ്പ് പൂർത്തിയാക്കിയും അദ്‌ഭുതം സൃഷ്ടിച്ചു. കടക്കെണിയിലാക്കിയെന്ന ആരോപണത്തിനിടയാക്കിയെങ്കിലും കാൽനൂറ്റാണ്ടുകൊണ്ടുപോലും പ്രതീക്ഷിക്കാത്ത അടിസ്ഥാനപരമായ വികസനമുന്നേറ്റത്തിലേക്ക്‌ നയിക്കാൻ ധൈര്യം കാട്ടിയെന്നത്‌ ഇവിടെ ഒന്നുംനടക്കില്ലെന്ന ദോഷൈകബോധത്തെ കുടഞ്ഞെറിഞ്ഞു. തുടർച്ചയായ രണ്ടുപ്രളയവും പിന്നെ കോവിഡിന്റെ അനുസ്യൂത തരംഗങ്ങളുമാണ് കേരളത്തിന്റെ അനുഭവം. മരവിച്ചുനിൽക്കാതെ ജനകീയപിന്തുണ ഉറപ്പാക്കി ആശ്വാസമെത്തിക്കാൻ സാധിച്ചു. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ ലോകം കൈയടിച്ച് അഭിനന്ദിച്ചു. എല്ലാവശങ്ങളെയും ഏകോപിപ്പിക്കാൻ കഴിയുന്ന നേതൃവൈഭവമാണതിൽ പ്രത്യക്ഷമായത്. കിറ്റുകളാണ് ഇടതുഭരണത്തെ കോവിഡുകാലത്ത്‌ പൊതുവേ പ്രിയങ്കരമാക്കിയതെന്ന വ്യാഖ്യാനം ലഘൂകരണമാണ്. വാസ്തവത്തിൽ ദുരന്തകാലത്ത്‌ പ്രതിസന്ധികളെ മുറിച്ചുകടക്കാൻ, ഇതാ കരുത്തുറ്റ കൈത്താങ്ങുണ്ടെന്ന തോന്നലുണ്ടാക്കിയെന്നതാണ് കാര്യം. അതിനു നിദാനമായത് ഒരുമണിക്കൂർ നീളുന്ന ദൈനംദിന പത്രസമ്മേളനവുമാണ്. വിശദീകരണത്തിന്റെയും മറുപടിയുടെയും കൃത്യമായ ഭാഷാപ്രയോഗം വലിയൊരു വിഭാഗമാളുകളെയും ആകർഷിച്ചു. അങ്ങനെ ജനഹൃദയങ്ങളിലെ താരമായി വീണ്ടും പിണറായി.