കണ്ണൂർ: ജനങ്ങൾക്ക് നൽകുന്ന ക്ഷേമാനുകൂല്യങ്ങൾ ആരുടെയും ഔദാര്യമല്ല, അവരുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത് ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കും. ക്ഷേമ പെൻഷനെക്കുറിച്ച് ഉമ്മൻ ചാണ്ടി വ്യാജപ്രചാരണങ്ങൾ ആണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തെ വിമർശിക്കുന്ന രാഹുൽഗാന്ധിക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലായിട്ടില്ല. ആർ.എസ്.എസിനും ബി.ജെ.പി.ക്കുമെതിരേ എൽ.ഡി.എഫ്. ഒന്നുംചെയ്തില്ലെന്ന് രാഹുൽഗാന്ധി പറയുമ്പോൾ കേൾക്കുന്നവർ ചിരിക്കും. കേരളം കടക്കെണിയിലാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എൽ.ഡി.എഫ്. അനുകൂല ജനവികാരം ശക്തമാണ്‌. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം ലഭിക്കും. എൽ.ഡി.എഫ്‌. അനുകൂല കാലാവസ്ഥ ആരും മനഃപൂർവം സൃഷ്ടിച്ചതല്ല, സ്വയം രൂപപ്പെട്ടതാണ്. നുണകളുടെ മലവെള്ളപ്പാച്ചിൽ സൃഷ്ടിച്ചിട്ടും മാധ്യമങ്ങളെ അണിനിരത്തി പടയോട്ടം നടത്തിയിട്ടും എൽ.ഡി.എഫിനെതിരായ ജനവികാരം സൃഷ്ടിക്കാൻ ഒരു ശക്തിക്കും കഴിഞ്ഞില്ല.

നേരം പുലരുമ്പോൾ കുറെ ആരോപണങ്ങൾ വായിക്കുക: അവയ്ക്ക് മറുപടി കിട്ടുമ്പോൾ അടുത്തദിവസം പുതിയത് വായിക്കുക ഇതാണ് പ്രതിപക്ഷ ധർമമെന്ന് പ്രതിപക്ഷനേതാവ് കരുതിയിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രചാരണത്തിന് വൻ തുക ഒഴുക്കുന്നു എന്ന ആരോപണത്തെക്കുറിച്ച് ചോദിക്കവേ അതിൽ ഒരു ചട്ടലംഘനവും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.