തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് കത്തുനൽകിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ.
സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് യു.ഡി.എഫും ബി.ജെ.പി.യും പരാതി നൽകിയതിനെത്തുടർന്നാണിത്. മുഖ്യമന്ത്രി വിശദീകരണം എഴുതി നൽകണം. അദ്ദേഹം ഏതു സാഹചര്യത്തിലാണ് അതു പറഞ്ഞതെന്നു പരിശോധിക്കണം. മുഖ്യമന്ത്രിക്കു പറയാനുള്ളതുകൂടി മനസ്സിലാക്കിയശേഷം തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
മന്ത്രി എ.സി. മൊയ്തീൻ ഏഴുമണിക്കു മുമ്പ് വോട്ടുചെയ്തുവെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് റിട്ടേണിങ് ഓഫീസറുടെയും ജില്ലാ വരണാധികാരിയുടെയും റിപ്പോർട്ട്. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, വരണാധികാരിയുടെ റിപ്പോർട്ട് അംഗീകരികരിക്കാതിരിക്കാൻതക്ക സാഹചര്യമില്ലെന്നും കമ്മിഷണർ പറഞ്ഞു.