കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയത് ഹീനവും ഒരുരീതിയിലും ന്യായീകരിക്കാനാകാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരട്ടക്കൊലയ്ക്കുശേഷം ആദ്യമായി ജില്ലയിലെത്തിയ മുഖ്യമന്ത്രി, കാസർകോട് വിദ്യാനഗർ ചാല റോഡിൽ സി.പി.എമ്മിന്റെ പുതിയ ജില്ലാകമ്മിറ്റി ഓഫീസിന് (എ.കെ.ജി. മന്ദിരം) തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു.

എൽ.ഡി.എഫ്. സർക്കാർ നല്ലനിലയിൽ ഭരണം നടത്തുന്നതിനിടെ, അതിന് നേതൃത്വം നൽകുന്ന പാർട്ടിയെ ഇപ്പം ശരിയാക്കിത്തരാമെന്ന രീതിയിൽ ചിലർ രംഗത്തിറങ്ങാനിടയാക്കിയത് മുൻവിചാരമില്ലാതെയുള്ള ചിലരുടെ പ്രവൃത്തിയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ഒരു രീതിയും ഏറ്റെടുക്കേണ്ട കാര്യം പാർട്ടിക്കില്ല. അതുകൊണ്ടുതന്നെയാണ് സംഭവത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തള്ളിപ്പറഞ്ഞത്.

അക്രമികൾക്ക് ഒരു പരിരക്ഷയുമുണ്ടാകില്ല. നാടിനോടും നാട്ടുകാരോടും ഉത്തരം പറയാൻ ബാധ്യതയുള്ളവരാണ് എന്ന ബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. നാടിന്റെയും നാട്ടുകാരുടെയും മുന്നിൽ തലകുനിച്ചുകൊണ്ടുതന്നെ നമ്മൾ പറയും നാട്ടിൽ സ്വൈരവും സമാധാനവുമുള്ളതാക്കി മാറ്റുമെന്ന് -അദ്ദേഹം പറഞ്ഞു.

എന്നാൽ, കൊലപാതകത്തിന്റെ മറവിൽ പ്രവർത്തകരുടെ അഴിഞ്ഞാട്ടത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണ്. അക്രമികൾക്കെതിരേ ശക്തമായ നടപടി ഉണ്ടാകും. അതിന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അക്രമത്തിന് വിധേയരായവരെ അക്രമികളായി ചിത്രീകരിക്കുന്ന അവസ്ഥ മുമ്പും പാർട്ടി നേരിട്ടിട്ടുണ്ട്. അങ്ങനെയൊന്നും തകരുന്നതല്ല ഈ പ്രസ്ഥാനമെന്നും പിണറായി പറഞ്ഞു.

തിരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി. മാധ്യമങ്ങളെ പണംനൽകി സ്വാധീനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.