തിരുവനന്തപുരം: ശബരിമല സന്നിധാനം അക്രമികളുടേയും ക്രിമിനലുകളുടേയും കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർഥാടനകാലത്ത് അക്രമം നടത്താമെന്ന വ്യാമോഹം വേണ്ട. ക്രിമിനലുകളെ പുറത്താക്കും. കലാപമുണ്ടാക്കാൻ സംഘപരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമായുള്ള കാര്യങ്ങളാണ് ശബരിമലയിൽ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ സംരക്ഷണം നൽകുമെന്നുപറഞ്ഞ മുഖ്യമന്ത്രി സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ചു. ക്രമസമാധാനം തകർക്കാനുള്ള ശ്രമമുണ്ടായാൽ ശക്തമായ നടപടിയുണ്ടാകും. ഓൺലൈൻ ബുക്കിങ് വരുന്നതോടെ സ്ഥിരമായി ആർക്കും സന്നിധാനത്ത് തങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തെ ബഹുമാനിക്കും

കോടതിവിധി നടപ്പാക്കുമ്പോൾത്തന്നെ വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുകയെന്ന നിലപാടും സർക്കാരിനുണ്ട്. വിശ്വാസികൾക്ക് ആരാധന നടത്താനുള്ള അവകാശത്തിന് സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. സർവകക്ഷിയോഗം വിളിച്ച് വിധി നടപ്പാക്കാൻ അനുമതി തേടേണ്ടതില്ല. നിയമസഭയും കൂടേണ്ടതില്ല. ആരാണ് ഭക്തർ എന്ന്‌ പരിശോധിക്കേണ്ട ബാധ്യതയുമില്ല.

മാസപൂജയ്ക്ക് നട തുറക്കുന്നതിന് മുമ്പുതന്നെ കലാപഭൂമിയാക്കാൻ സംഘപരിവാർ ഗൂഢപദ്ധതി തയ്യാറാക്കിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സർക്കാരോ പോലീസോ ഒരു വിശ്വാസിയെയും തടയാനോ എതിർക്കാനോ തയ്യാറായില്ല. കോടതിവിധി നടപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്.

പോലീസിന് വീഴ്ചയുണ്ടായിട്ടില്ല

പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും നല്ല ഇടപെടലാണ് നടത്തിയതെന്നും പിണറായി പറഞ്ഞു. ശബരിമലയിലേക്കുവരുന്ന എല്ലാവരെയും പരിശോധിക്കുകയും യുവതികളെ ആക്രമിക്കുകയും ചെയ്യുന്ന രീതിയിൽ സമരം മാറ്റി. മാധ്യമപ്രവർത്തകരെയും ആക്രമിച്ചു. അയ്യപ്പഭക്തർക്ക് ശബരിമലയിലേക്ക് പോകാൻ തടസ്സമായി. എല്ലാ മര്യാദകളും ലംഘിച്ച് നിയമം കൈയിലെടുത്തപ്പോഴാണ് പോലീസ് ഇടപെട്ടത്. സ്ത്രീകൾക്ക് കല്ലേറും മാനസികപീഡനവുമുണ്ടായി.

അവരുടെ വീടുകളും ആക്രമിച്ചു. ഇവിടെയെല്ലാം സംഘപരിവാറിന്റെ അജൻഡയാണ് നടപ്പാക്കിയത്. ശബരിമലയുടെ പേരിൽ ഒറ്റപ്പെടുത്തിയ സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കും. പോലീസിനെ വർഗീയവത്കരിച്ച് അച്ചടക്കം തകർക്കാനും കലാപമുണ്ടാക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. ജാതിയും മതവും നോക്കി പോലീസിനെ ക്രമസമാധാനപാലനത്തിന് അയക്കാൻ സാധ്യമല്ല.

അയ്യപ്പഭക്തരുടെ വേഷംകെട്ടി ശബരിമലയിലേക്ക് വരണമെന്ന് അണികൾക്ക് നിർദേശം കൊടുക്കുന്ന വോയ്‌സ് മെസേജ് പുറത്തുവന്നിട്ടുണ്ട്. ആർ.എസ്.എസാണ് ഇതിനെല്ലാം നേതൃത്വം കൊടുത്തത്. അവലോകനയോഗത്തിന് വന്ന വനിതകളെ സമരക്കാരും ദേവസ്വംബോർഡ് ജീവനക്കാരും പരിശോധിച്ചതായി വാർത്തയുണ്ട്. ഇത് ദേവസ്വംബോർഡ് അന്വേഷിക്കുമെന്നാണ് കരുതുന്നത്.

വിധി നടപ്പാക്കണമെന്ന് കേന്ദ്രം

വിധി നടപ്പാക്കാനാവശ്യമായ നിയമങ്ങൾ പ്രയോഗിക്കണമെന്നും സാമൂഹികമാധ്യമങ്ങളെ നിയന്ത്രിക്കണമെന്നുമാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. വിധിയെ ചരിത്രപരമെന്നാണ് എ.ഐ.സി.സി. വിശേഷിപ്പിച്ചത്. കേരളത്തിൽ പ്രതിപക്ഷനേതാവും ഉമ്മൻചാണ്ടിയും ബി.ജെ.പി. നേതാക്കളും വിധി നടപ്പാക്കണമെന്ന നിലപാടാണ് ആദ്യഘട്ടത്തിൽ എടുത്തത്. പിന്നീടാണ് ജനങ്ങളെ കലാപത്തിനിറക്കാൻ രംഗത്തുവന്നത്.

ബി.ജെ.പി.യുടെ അജൻഡയുമായി ചേർന്നുപ്രവർത്തിച്ചാൽ കോൺഗ്രസ് തകർച്ചയിലാണ് എത്തുക. ശബരിമല കേസിൽ സുപ്രീംകോടതിയിൽ ധാരാളംപേർ കക്ഷി ചേർന്നിരുന്നു. എന്നാൽ, ബി.ജെ.പി.യോ കോൺഗ്രസോ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.