പിണറായി: കണ്ണൂരിലെ സംഘര്‍ഷാവസ്ഥയില്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സി.പി.എമ്മും ഒരുങ്ങുന്നു. കൊലപാതകങ്ങള്‍ ആര്.എസ്.എസ്സിന്റെ സൃഷ്ടിയാണെന്ന മട്ടിലുള്ള പ്രചാരണപരിപാടി തുടങ്ങുകയാണ് ലക്ഷ്യം.
പിണറായി പടുവിലായില്‍ കൊല്ലപ്പെട്ട സി.പി.എം. ലോക്കല്‍കമ്മിറ്റി അംഗം മോഹനന്റെ വീട് സന്ദര്‍ശിച്ചശേഷം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂരില്‍ സി.പി.എം. ഏകപക്ഷീയ ആക്രമണം നടത്തുകയാണെന്നാരോപിച്ച് ആര്.എസ്.എസ്.-ബി.ജെ.പി. നേതാക്കള്‍ ഡല്‍ഹിയില്‍ പ്രചാരണം സംഘടിപ്പിച്ചിരുന്നു. ഇതോടെ കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളും സംഘര്‍ഷവും ദേശീയവിഷയമായി. അതിനെ അതേമാര്‍ഗത്തില്‍ പ്രതിരോധിക്കാനാണ് സി.പി.എമ്മും ഒരുങ്ങുന്നത്.
ഒക്ടോബര്‍ 20 മുതല്‍ 30 വരെ സംസ്ഥാനത്ത് 28 മേഖലാജാഥകള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. സി.പി.എമ്മിനെതിരെ ദേശവ്യാപക അക്രമത്തിന് ആര്.എസ്.എസ്. പദ്ധതി തയ്യാറാക്കിയിരിക്കയാണ്. കഴിഞ്ഞദിവസം കര്‍ണാടകയിലും ഒഡിഷയിലും സി.പി.എം. ഓഫീസുകള്ക്കുനേരേനടന്ന അക്രമങ്ങള്‍ ഇതിനുതെളിവാണ്. ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത്ഷായാണ് അക്രമത്തിന് ആഹ്വാനംചെയ്തത്.
കേരളത്തില്‍ ക്രമസമാധാനം തകര്ന്നെന്നുവരുത്താന് ആര്.എസ്.എസ്. സംസ്ഥാന നേതൃത്വം ആസൂത്രണംചെയ്ത കൊലപാതകമണ് മോഹനന്റേത്. കണ്ണൂരിനു പുറത്തുനിന്ന് കൊലയാളിസംഘങ്ങളെ ആര്.എസ്.എസ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്നും കോടിയേരി ആരോപിച്ചു.