തിരുവനന്തപുരം: ജില്ലയിൽ അടുത്തകാലത്തു നടന്ന, പാർട്ടിക്കു ക്ഷീണമുണ്ടാക്കിയ സംഭവങ്ങളിൽ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളനത്തിലെ പ്രതിനിധിസമ്മേളനം ഉദ്ഘാടനത്തിനു ശേഷം പ്രതിനിധികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എസ്.സി. പരീക്ഷയിലെ കോപ്പിയടി വിവാദത്തിൽ എസ്.എഫ്.ഐ. നേതാക്കൾ ഉൾപ്പെട്ട സംഭവം, കോർപ്പറേഷനിലെ നികുതിവെട്ടിപ്പ് എന്നിവ പാർട്ടിക്കു നാണക്കേടുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിലും ശരിയായ നിലപാട് സ്വീകരിക്കാനായോ എന്നത് പരിശോധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

വിഭാഗീയത ഇല്ലാതായെങ്കിലും നേതാക്കളെ ചുറ്റിപ്പറ്റി ചില തുരുത്തുകൾ ഉണ്ടാവുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. സാമൂഹികമാധ്യമങ്ങൾ വ്യക്ത്യാരാധനയ്ക്കുപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില നേതാക്കളുടെ പാർലമെന്ററി മോഹം സംഘടനാസംവിധാനത്തെ ക്ഷീണിപ്പിച്ചുവെന്ന് പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വി.കെ.മധുവിനെതിരേയുള്ള അച്ചടക്കനടപടി വിശദീകരിച്ചുകൊണ്ടുള്ള ഭാഗത്താണ്‌ ഈ പരാമർശം. അരുവിക്കരയിലെ തിരഞ്ഞെടുപ്പുപ്രവർത്തനത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ.മധു, പാർട്ടിക്കു നിരക്കാത്ത രീതിയാണ് തുടർന്നതെന്നും ചൂണ്ടിക്കാട്ടുന്നു. വിഭാഗീയത അവസാനിച്ചെങ്കിലും ചില ഏരിയാ കമ്മിറ്റികളിൽ നേതാക്കൾ തമ്മിലുള്ള അഭിപ്രായഭിന്നത വിഭാഗീയതയായി രൂപപ്പെട്ടിട്ടുണ്ട്. ഇത്‌ പാർട്ടി സമ്മേളനങ്ങളിൽ പ്രതിഫലിച്ചു. ഇതു വച്ചുപൊറുപ്പിക്കില്ല.

ഡി.വൈ.എഫ്.ഐ.യുടെ പ്രവർത്തനത്തെയും റിപ്പോർട്ടിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. പുതുതായി യുവാക്കളെ സംഘടനയിലേക്ക്‌ ആകർഷിക്കുന്നതിൽ പരാജയമാണെന്നാണ് വിമർശനം. യുവാക്കൾ മറ്റു സംഘടനകളിലേക്കു പോകുകയോ അല്ലെങ്കിൽ അരാഷ്ട്രീയവാദികളാകുകയോ ചെയ്യുന്നു. യുവാക്കളെ ആകർഷിക്കാൻ ഡി.വൈ.എഫ്.ഐ. പ്രവർത്തനശൈലിയിൽ മാറ്റംവരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തനത്തിലും ജില്ലയിലെ എം.എൽ.എ.മാരുടെ കാര്യത്തിലും പാർട്ടി തൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചത് സ്ഥാനാർഥിത്വത്തിലെ മികവും മികച്ച തിരഞ്ഞെടുപ്പുപ്രവർത്തനവും കൊണ്ടാണ്. കോവളം മണ്ഡലത്തിലെ പരാജയം നന്നായി പാർട്ടി പഠിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ സംഘടനാ റിപ്പോർട്ടിൽ നിരവധിസ്ഥലത്ത് പേരെടുത്തു പറഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. തുടർഭരണത്തിനും പാർട്ടിക്കുണ്ടായ മുന്നേറ്റത്തിനും കാരണം ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനമികവാണെന്നും പറയുന്നു. മുഖ്യമന്ത്രിയുടെ മനക്കരുത്തും സംഘടനാപാടവവും കൊണ്ട് ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ വികസനപ്രവർത്തനങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്നും സമ്മേളന റിപ്പോർട്ടിൽ പ്രത്യാശ പ്രകടിപ്പിക്കുന്നു.

Content Highlights : Pinarayi Vijayan criticized the incidents which embarrassed CPM