പിണറായി: ഉത്സവവും പെരുന്നാളും കൂടാൻ പിള്ളേർക്ക് പിശുക്കി പൈസ കൊടുക്കുന്ന പഴയ തറവാട്ടിലെ കാർന്നോരെപ്പോലെയായിരുന്നു പോളിങ് ബൂത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ അദ്ദേഹം തന്റെ വീടിന് അടുത്തുള്ള ചേരിക്കൽ ബേസിക് ജൂണിയർ സ്‌കൂളിലെത്തി. ഒപ്പം ഭാര്യ കമലയും മക്കളായ വിവേക് കിരണും വീണാ വിജയനും.
ചെറിയ ഹാളിന്റെ വലിപ്പമുള്ള ബൂത്ത്. ഒരുഭാഗത്ത് മതിലുതീർത്ത് മാധ്യമപ്പട. മറുഭാഗത്ത് പോലീസ് പട. വരിയിൽ വോട്ടർമാർ. വെള്ള ഷർട്ടും മുണ്ടും ധരിച്ച പിണറായി വാതിൽക്കൽനിന്നു. കണ്ണട ഊരി വിരലുകൾക്കിടയിൽ പിടിച്ചു. കീശയിൽനിന്ന് നാല് തിരിച്ചറിയൽ കാർഡെടുത്തു. കുടുംബാംഗങ്ങൾ ചുറ്റും തിക്കിത്തിരക്കിനിന്നു.
ആദ്യകാലത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിരുന്ന, അവ്യക്ത ചിത്രങ്ങളും ചെറിയ അക്ഷരങ്ങളുമുള്ള കാർഡ്. അതിൽ സൂക്ഷ്മമായി നോക്കി മുഖ്യമന്ത്രി ഓരാരുത്തരുടെ പേരുവിളിച്ചു. വിളികേട്ടവർ കാർഡിന് കൈനീട്ടി. കൊടുക്കുംമുമ്പ് മാറിപ്പോയില്ലെന്ന് മുഖത്തേക്കും കാർഡിലേക്കും നോക്കി പിണറായി ഉറപ്പുവരുത്തി. അതുകഴിഞ്ഞ് കീശയിൽനിന്ന് സ്ലിപ്പെടുത്തു. അതും പേരുവിളിച്ചുകൊടുത്തു. പിന്നെ ബൂത്തിലേക്കുകയറി. അവിടെ ഫസ്റ്റ് പോളിങ് ഓഫീസർ ബിന്ദു വോട്ടറുടെ പേരുവിളിച്ചു: ‘പിണറായി വിജയൻ’.
പിണറായി പഞ്ചായത്തിലെ രണ്ടാംവാർഡിലെ ഒന്നാംബൂത്തിലെ 123-ാം വോട്ടറായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരും പിന്നിലിരുന്ന ബൂത്ത് ഏജന്റുമാരും അത് മാർക്ക് ചെയ്തു. വോട്ടുചെയ്യാൻ ടേബിളിലേക്ക് തിരഞ്ഞപ്പോഴേക്കും തള്ളിക്കയറിയ ചാനൽ പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. തിരക്കിൽ ഒരു മാധ്യമപ്രവർത്തകന്റെ വാച്ച് അഴിഞ്ഞ് നിലത്തുവീണു. പ്രിസൈഡിങ് ഓഫീസർ ടി.പി. ശ്രീജിത്ത് അത് എടുത്തുവെച്ച് ഉറക്കെ വിളിച്ചെങ്കിലും ബഹളത്തിൽ മുങ്ങിപ്പോയി.
വോട്ടുകഴിഞ്ഞ് ഇറങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിച്ച് മടങ്ങാൻ തുടങ്ങുമ്പോഴാണ് ആദ്യകാല സഖാവ് പടന്നയിൽ ഗോപാലൻ സഹായികൾക്കൊപ്പം വോട്ടിനെത്തിയത്. പിണറായിയെപ്പോലെ വെള്ള ഷർട്ടും മുണ്ടും. ചിരിച്ച് കുശലം ചോദിച്ചു. അങ്ങോട്ട് വന്ന് കാണണമെന്ന് കരുതിയകാര്യം പറഞ്ഞു. അപ്പോഴേക്കും തിരക്കിൽപ്പെട്ട് ഗോപാലന്റെ ചെരിപ്പ് ഊരിപ്പോയി. അതാ ചെരിപ്പുപോയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സഹായികൾ അത് വീണ്ടും ഇട്ടുകൊടുക്കാൻ സഹായിച്ചു. അടുത്തതവണ വീണ്ടും കാണാമെന്ന് ഗോപാലൻ പറഞ്ഞപ്പോൾ സമ്മതിച്ച് മുഖ്യമന്ത്രി മടങ്ങി.
content highlights: Pinarayi Vijayan and family cast vote