തിരുവനന്തപുരം: എതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ യു എ പി എ തെറ്റായ രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി എം കേന്ദ്രകമ്മിറ്റിയോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ആര്‍ക്കെങ്കിലും എതിരെ യു എ പി എ തെറ്റായ രീതിയില്‍ പ്രയോഗിച്ചിട്ടുണ്ടോ എന്ന് സമയബന്ധിതമായി പരിശോധിക്കാന്‍ ഡി ജി പി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മതന്യൂനപക്ഷമായതുകൊണ്ട് ആര്‍ക്കും പീഡനം അനുഭവിക്കേണ്ടിവരില്ല. അതേസമയം തീവ്രവാദ നിക്കങ്ങളോട് ജാഗ്രത കാണിക്കണം. വിട്ടുവീഴ്ച കാണിച്ചാല്‍ അത് നാടിനെ അപകടത്തിലാക്കും. തീവ്രവാദപ്രവര്‍ത്തനങ്ങളെ അത്തരത്തില്‍ കണ്ട് എതിര്‍ക്കാന്‍ മൂസ്ലീം ലീഗ് അടക്കം ന്യൂനപക്ഷ മേഖലയിലെ എല്ലാ മതനിരപേക്ഷ സംഘടനകളും തയ്യാറാകണം.
 
ഇക്കാര്യം തന്നെ വന്ന് കണ്ട മുസ്ലീം ലീഗ് നേതാക്കളെയും അറിയിച്ചിട്ടുണ്ട്. മുസ്ലീം വിഭാഗത്തെ വേട്ടയാടുന്നുവെന്ന മട്ടിലുള്ള പ്രചരണം ആടിനെ പട്ടിയാക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്‌കൂളിലെ മതപഠന ക്ലാസുകള്‍ സംബന്ധിച്ച് പോലീസ് സ്വീകരിച്ച നടപടിയെക്കുറിച്ച് ഒരു വിഭാഗം ആളുകള്‍ പരാതി ഉന്നയിച്ചിരുന്നു. അതുസംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏത് പഠനത്തിന്റെ ഭാഗമായാലും ഒരു കുട്ടിയെ എങ്ങനെ മതം മാറ്റണം എന്ന് പഠിപ്പിക്കുന്ന രീതി ഒരു കോഴ്സിന്റെ ഭാഗമായും വേണ്ട.
 
ഗുണ്ടാ നിയമം രാഷ്ട്രീയക്കാര്‍ക്കെതിരെ വ്യാപകമായി യു ഡി എഫ് സര്‍ക്കാര്‍ പ്രയോഗിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ക്കെതിരെ ഗുണ്ടാനിയമം വേണ്ടെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാട്. സഹകരണ ബാങ്കുകളില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന് പ്രചരിപ്പിക്കുകയാണ് ആര്‍ എസ് എസുകാര്‍. കേരളത്തെ പാപ്പരാക്കാനുള്ള ദുരുപദിഷ്ടമായ നീക്കമാണിത്. എങ്ങനെ നിശബ്ദമായി ആളെക്കൊല്ലാമെന്ന പരിശീലനം ആണ് അവര്‍ നടത്തുന്നത്. അത് സാംസ്‌കാരിക പ്രവര്‍ത്തനമായി അംഗീകരിക്കാനാവില്ല. ഇത്തരം അക്രമങ്ങള്‍ മറച്ചുവച്ച് ഇടക്കിടെ കേന്ദ്രമന്ത്രിമാര്‍ വന്ന് അതിനെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ പ്രതിസന്ധിസര്‍വകക്ഷിയോഗം വിളിക്കും

തിരുവനന്തപുരം: റേഷന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍വ കക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ട് മെട്രിക് ടണ്‍ അരികൂടി ലഭിക്കാതെ കേരളത്തില്‍ റേഷന്‍ വിതരണം പൂര്‍ണസജ്ജമാക്കാനാകില്ല. ഇക്കാര്യം എല്ലാ പാര്‍ട്ടികളെയും ധരിപ്പിക്കും. സഹരണ സംഘങ്ങളെക്കുറിച്ച് വ്യത്യസ്ത നിലപാട് സ്വീകരിച്ച ബി ജെ പി അടക്കം ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.