തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ നൂറുദിനം പൂർത്തിയാക്കി. ഒന്നാം സർക്കാരിൽ തുടക്കമിട്ട പദ്ധതികൾ പൂർത്തിയാക്കാനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും ലക്ഷ്യമിട്ടായിരുന്നു തുടക്കം. എന്നാൽ, കോവിഡ് വ്യാപനം കൈവിട്ടനിലയിലേക്കെത്തിയതും, സാമ്പത്തിക ആഘാതത്തിൽനിന്ന് കരകയറാനാകാത്തതും സർക്കാരിനെ പിടിച്ചുലച്ചു.

2021 മേയ് 20-നാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. ഒന്നാംസർക്കാരിന്റെ അവസാനകാലത്ത് തുടക്കമിട്ട നൂറുദിന കർമപദ്ധതികൾ അതേരീതിയിൽ പിന്തുടർന്നായിരുന്നു സർക്കാരിന്റെ തുടക്കം. ജൂൺ 11-ന് പുതിയ സർക്കാരിന്റെ ആദ്യ 100 ദിന കർമപരിപാടികളും പ്രഖ്യാപിച്ചു. 30 വകുപ്പുകളിലായി 141 പദ്ധതികളാണ് നടപ്പാക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 19-നാണ് 100 ദിനമെന്ന പദ്ധതി കാലാവധി തീരുന്നത്. എന്നാൽ, പ്രതീക്ഷിച്ച പുരോഗതി ഈ സമയത്തുണ്ടായില്ല. വ്യാഴാഴ്ച മുഖ്യമന്ത്രി പദ്ധതികളുടെ അവലോകനം നടത്തി. ലക്ഷ്യം പൂർത്തിയാക്കാനുള്ള ‘എനർജി ബൂസ്റ്റിങ്’ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകി.

സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. എല്ലാമേഖലയിൽനിന്നുള്ള വരുമാനവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ യജ്ഞം എന്നീ നാല് മിഷനുകളും, പ്രളയാനന്തരം തുടങ്ങിയ കേരള പുനനിർമാണവും ഒരുകുടക്കീഴിലാക്കിയാണ് പുതിയ സർക്കാരിന്റെ പദ്ധതിനിർവഹണം. നവകേരളം കർമപദ്ധതി-രണ്ട് എന്ന് പേരിട്ട് ഏകീകൃതമിഷനാക്കിയെങ്കിലും പണമില്ലാത്തതിനാൽ ഇവയൊന്നും കാര്യമായി ജീവൻവെച്ചിട്ടില്ല.

കിഫ്ബി പദ്ധതികൾക്കൊന്നും ഇതുവരെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നതാണ് ആശ്വാസം. കോവിഡ് വാക്‌സിൻ വിതരണത്തിലും രോഗശമനമുണ്ടാക്കാനായില്ല. ഇതിനകം 1.99 കോടിപ്പേർക്ക് സംസ്ഥാനത്ത് ഒരുഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ഇനിയും അടച്ചിട്ടാൽ തിരിച്ചുവരാനാകില്ലെന്ന ഘട്ടത്തിലാണ് വ്യാപരമേഖലയ്ക്ക് ഇളവുനൽകിയതെങ്കിലും സാമ്പത്തികാഘാതം ഈ മേഖലയെയും ബാധിച്ചു.

പുതിയ സർക്കാർ; പുതിയ പ്രതിപക്ഷം

ഭരണത്തുടർച്ചയുടെ നൂറുദിനങ്ങൾ പൂർത്തിയാകുമ്പോൾ രാഷ്ട്രീയവിവാദങ്ങൾക്കും ആരോപണങ്ങൾക്കും കുറവുണ്ടായിട്ടില്ല. എന്നാൽ, പുതിയ സർക്കാരും പുതിയ പ്രതിപക്ഷവുമെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കാനുള്ള ശ്രമമാണ് ഇരുപക്ഷത്തുമുണ്ടായത്. അടച്ച് ആക്ഷേപിക്കുന്ന രീതിയിലേക്ക് മാറാതെ പ്രതിപക്ഷം ക്രിയാത്മകമായി മാറാൻ ശ്രമിച്ചു. സർക്കാർ പാർട്ടിക്കതീതമായി നിൽക്കുന്നവെന്ന തോന്നൽ മാറ്റി എല്ലാതട്ടിലും പാർട്ടിനിയന്ത്രണം കൊണ്ടുവരുന്ന സമീപനം സി.പി.എമ്മും സ്വീകരിച്ചു.

മുട്ടിൽ മരംമുറി, നിയമസഭ കൈയാങ്കളി കേസിൽ മന്ത്രിയടക്കം വിചാരണ നേരിടണമെന്ന സുപ്രീംകോടതിവിധി, കെ.എം. മാണിക്കെതിരായ സുപ്രീംകോടതി പരാമർശം, രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ സി.പി.എം. ബന്ധം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഇതെല്ലാം സർക്കാരിനും, എൽ.ഡി.എഫിനും തലവേദനയുണ്ടാക്കി.