പിണറായി: നാടിനെ നടുക്കിയ ദുരൂഹമരണങ്ങള്‍ക്കുപിന്നില്‍ അലൂമിനിയം ഫോസ്‌ഫൈഡ് എന്ന മാരക രാസവസ്തുവെന്ന് കണ്ടെത്തല്‍. കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവാണ് ഇത്. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു.

ദുരൂഹസാഹചര്യത്തില്‍ മരിച്ച പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ കമല (65)യുടെയും ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെയും ആന്തരികാവയവങ്ങള്‍ ശാസ്ത്രീയപരിശോധനയ്ക്കായി കോഴിക്കോട്ടെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയച്ചിരുന്നു. അവിടെ നടന്ന പത്തോളം പരിശോധനകളുടെ ഫലം കഴിഞ്ഞദിവസം ലഭിച്ചു.

ഇതോടെയാണ് ഇരുവരുടെയും ശരീരത്തില്‍ അലുമിനിയം ഫോസ്‌ഫൈഡ് എന്ന വിഷം അടിഞ്ഞുകൂടിയതായുള്ള കണ്ടെത്തല്‍. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മരണകാരണം തന്നെയാണോ കുട്ടികളുടെയും മരണത്തിന് കാരണമായതെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

ഇതിനായി തിങ്കളാഴ്ച ഇവരുടെ പേരക്കുട്ടി ഐശ്വര്യ കിഷോറി(8)ന്റെ മൃതദേഹം പോലീസ് പുറത്തെടുത്ത് പരിശോധിച്ചു. ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലബോറട്ടറിയിലേക്ക് അയച്ചു.

മൂന്നുമാസത്തിനിടെയാണ് പിണറായിയില്‍ ഒരു കുടുംബത്തിലെ എട്ടുവയസ്സുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഒന്നരവയസ്സുകാരി കീര്‍ത്തന 2012-ലും മരിച്ചു. കുട്ടികളുടെ അമ്മ സൗമ്യ(28) ഛര്‍ദിയെത്തുടര്‍ന്ന് തലശ്ശേരി സഹകരണ ആസ്​പത്രിയില്‍ ചികിത്സയിലാണ്.
 

ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്തു

പിണറായി: ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ എട്ടു വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹമാണ് പുറത്തെടുത്ത് പരിശോധിച്ചത്.

search

തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ കോടതി അനുമതി നല്‍കിയത്. അന്വേഷണച്ചുമതലയുള്ള തലശ്ശേരി സി.ഐ. കെ.ഇ.പ്രേമചന്ദ്രന്‍ കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയില്‍ പരിശോധനയ്ക്കായി അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്.

ഉത്തരവ് ലഭിച്ചയുടന്‍ പോലീസ് മരണം നടന്ന വണ്ണത്താന്‍ വീട്ടിലെത്തി. വീട്ടിലേക്കുള്ള പ്രധാന വഴി നിയന്ത്രണത്തിലാക്കി. അടുത്ത ബന്ധുക്കളെയും അയല്‍ക്കാരെയും മാധ്യമപ്രവര്‍ത്തകരെയും മാത്രമാണ് വീട്ടിലേക്ക് കടത്തിവിട്ടത്. ഐശ്വര്യയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലം ടാര്‍പോളിന്‍ കെട്ടിമറച്ച് പോലീസും നാട്ടുകാരും ചേര്‍ന്ന് പരിശോധയ്ക്ക് സൗകര്യമൊരുക്കി. വൈകീട്ട് 3.50-ന് തുടങ്ങിയ പരിശോധന 5.30-ഓടെയാണ് അവസാനിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ളയാണ് നേതൃത്വം നല്‍കിയത്. തലശ്ശേരി എ.എസ്.പി. ചൈത്ര തെരേസ ജോണ്‍, തഹസില്‍ദാര്‍ ടി.വി.രഞ്ജിത്ത്, സി.ഐ. കെ.ഇ.പ്രേമചന്ദ്രന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

പരിശോധനയ്ക്കായി ശേഖരിച്ച ആന്തരികാവയവങ്ങള്‍ ചൊവാഴ്ച കോഴിക്കോട്ടെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയക്കും. പോലീസ് സയന്റിഫിക് ഓഫീസര്‍ കെ.എസ്.ശ്രുതിലേഖ, ധര്‍മടം പ്രിന്‍സിപ്പല്‍ എസ്.ഐ. എം.ആര്‍.അരുണ്‍കുമാര്‍, വിരലടയാളവിദഗ്ധ പി.സിന്ധു എന്നിവരും മൃതദേഹ പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു. പരിശോധനയെക്കുറിച്ചുള്ള വിവരമറിഞ്ഞ് രാവിലെ മുതല്‍ വണ്ണത്താന്‍ വീട്ടിലും പരിസരത്തുമായി നിരവധിപേര്‍ തടിച്ചുകൂടി.

തുടര്‍ച്ചയായി നാലുമരണം

2018 ജനുവരി 31-നാണ് ഐശ്വര്യ മരണത്തിന് കീഴടങ്ങിയത്. ഐശ്വര്യയുടെ മുത്തച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ കുടുംബത്തിലെ മറ്റു മൂന്നുപേര്‍കൂടി സമാനസാഹചര്യത്തില്‍ നേരത്തേ മരിച്ചിരുന്നു. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഐശ്വര്യയുടെ മരണത്തിലെ ദുരൂഹതയും അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നത്. ഐശ്വര്യയുടെ മൃതദേഹം പരിശോധന കൂടാതെയാണ് അന്ന് സംസ്‌കരിച്ചത്.