കോന്നി(പത്തനംതിട്ട): കെ.എസ്.ആർ.ടി.സി. ആരംഭിച്ച ബജറ്റ് ടൂറിസം സർവീസുകൾ വിജയമായതോടെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും സർവീസ് തുടങ്ങുന്നു. തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പിന് അവിടേക്ക്‌ തിരുവനന്തപുരം, കൊല്ലം, ഡിപ്പോകളിൽനിന്ന്‌ സർവീസ് തുടങ്ങാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചു. ധനുമാസ തിരുവാതിരയ്ക്ക് മുന്നോടിയായാണ് തിരവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം.

ഈ ദിവസങ്ങളിൽ രണ്ടുസ്ഥലങ്ങളിൽനിന്നും വിവിധ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് തിരുവൈരാണിക്കുളത്ത് എത്തിച്ചേരുന്നതാണ് സർവീസ്. മുൻകൂട്ടി ബുക്കുചെയ്യാം.

പ്രമുഖ തീർഥാടന കേന്ദ്രങ്ങളെ ഇതേരീതിയിൽ ബന്ധിപ്പിച്ച് സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ റൂട്ടും സമയക്രമവും തയ്യാറാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

നവംബർ ആദ്യം കെ.എസ്.ആർ.ടി.സി. ആരംഭിച്ച, വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ട്രിപ്പുകൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്.

26 ടൂറിസം സർവീസുകൾ

ടൂറിസം കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. വിവിധ ഡിപ്പോകളിൽനിന്ന് ഇപ്പോൾ നടത്തുന്നത് 26 ബസ് സർവീസുകൾ.

അവ ചുവടെ:

മലപ്പുറം-മൂന്നാർ, ചാലക്കുടി-മലക്കപ്പാറ, ഹരിപ്പാട്-മലക്കപ്പാറ, തിരുവല്ല-മലക്കപ്പാറ, ആലപ്പുഴ-മലക്കപ്പാറ, കുളത്തൂപ്പുഴ-മലക്കപ്പാറ, പാലാ-മലക്കപ്പാറ, മലമ്പുഴ-മലക്കപ്പാറ, ഇരിങ്ങാലക്കുട-മലക്കപ്പാറ, കോട്ടയം-മലക്കപ്പാറ, പാലക്കാട്-മലക്കപ്പാറ, പാലക്കാട്-നെല്ലിയാമ്പതി, തിരുവല്ല-വാഗമൺ-പരുന്തുംപാറ, പൊൻകുന്നം-വാഗമൺ-പരുന്തുംപാറ, കോട്ടയം-പരുന്തുംപാറ, ചങ്ങനാശ്ശേരി-കുമ്പളങ്ങി, ചാലക്കുടി-സാഗരറാണി, ഇരിങ്ങാലക്കുട-നെല്ലിയാമ്പതി, കോതമംഗലം-ലക്ഷ്മി എസ്റ്റേറ്റ് -മൂന്നാർ, ഹരിപ്പാട്-അരിപ്പ, ആലപ്പുഴ-അരിപ്പ, മാവേലിക്കര-അരിപ്പ, കൊട്ടാരക്കര-അരിപ്പ, മലപ്പുറം-വയനാട്, താമരശ്ശേരി-വനപർവം.

അരിപ്പയിൽ 16 കിലോമീറ്റർ ട്രെക്കിങ്ങും ഏർപ്പാടാക്കിയിട്ടുണ്ട്. ഒരുദിവസത്തെ വിനോദയാത്ര രണ്ടുദിവസമാക്കാനും ആലോചനയുണ്ട്.

Content Highlights: Pilgrimage tourism initiative by KSRTC