കൊച്ചി: പെഗാസസ് ഫോൺ ചോർത്തലിൽ വിവാദം കത്തിപ്പടരുമ്പോഴും കേരളത്തിലെ ഫോൺ ചോർത്തലിൽ രാഷ്ട്രീയമൗനം. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ എം. ശിവശങ്കറിന്റെ ഫോൺ ചോർത്തിയതായി അദ്ദേഹം വാട്‌സാപ്പ് ചാറ്റിൽ വെളിപ്പെടുത്തിയിരുന്നു. കേന്ദ്രാന്വേഷണ ഏജൻസികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഈ തെളിവിൽ കോൺഗ്രസോ ബി.ജെ.പി.യോ അന്വേഷണമാവശ്യപ്പെട്ടിട്ടില്ല. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തന്റെ ഫോൺ ചോർത്തിയതായി പരാതി നൽകിയിരുന്നു. അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനമൊഴിഞ്ഞതോടെ ഈ പ്രശ്‌നം കോൺഗ്രസും ഉന്നയിക്കാതായി. ഏത് അന്വേഷണ ഏജൻസിയാണെന്നും ഏതു സോഫ്റ്റ്‌വേറാണ് ചോർത്തലിന് ഉപയോഗിച്ചതെന്നതും പുറത്തുവരേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായിരിക്കെയാണ് ശിവശങ്കറിന്റെ ഫോൺ ചോർത്തിയത്. തിരുവനന്തപുരം നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് പുറത്തുവരും മുമ്പായിരുന്നു ഇത്. ആ സമയത്ത് യു.എ.ഇ. കോൺസുലേറ്റ് പ്രതിനിധിയായിരുന്ന സ്വപ്നാ സുരേഷിന് അയച്ച വാട്‌സാപ്പ് സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 2020 ഏപ്രിൽ ഒന്നുമുതൽ 20 വരെയുള്ള തന്റെ ഫോൺരേഖകൾ ചോർത്തിയെന്നും തുടർന്നും ചോർത്തുന്നുണ്ടെന്നുമായിരുന്നു സന്ദേശം.

സ്‌പ്രിക്‌ളർ വിവാദത്തിന് പിന്നാലെയായിരുന്നു ഈ ഫോൺ ചോർത്തൽ. ഫോൺ കോളുകളുടെ വിശദവിവരങ്ങൾ, സമയദൈർഘ്യം, ആരോടൊക്കെ സംസാരിച്ചു തുടങ്ങിയ രേഖകൾ തന്നെ നേരിട്ട് കാണിച്ചെന്നായിരുന്നു ശിവശങ്കറിന്റെ വെളിപ്പെടുത്തൽ. കേന്ദ്രമാണോ സംസ്ഥാനമാണോ ചോർത്തിയതെന്ന് വ്യക്തമല്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഈ വാട്‌സാപ്പ് ചാറ്റുമുണ്ട്.

ശിവശങ്കറിന്റെ വെളിപ്പെടുത്തലിന് രണ്ടുമാസം മുമ്പായിരുന്നു അന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്റെ ഫോൺ നിരന്തരമായി ചോർത്തുന്നുണ്ടെന്ന് പത്രസമ്മേളനത്തിൽ ആരോപിച്ചത്. കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതിയും നൽകി. പിന്നീട് ഇതിൽ നടപടിയൊന്നും ഉണ്ടായില്ല.