ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യു.വിൽക്കഴിഞ്ഞ കോവിഡ് രോഗി മരിച്ചെന്നു ബന്ധുക്കളെ മുൻകൂട്ടി വിളിച്ചറിയിച്ചത് ആസൂത്രിതമെന്നു സംശയം. ജില്ലാ പോലീസിന്റെ സൈബർവിഭാഗം വിളിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളേജിൽത്തന്നെയുള്ള ചിലരുടെ ആസൂത്രണമാണു സംഭവത്തിനുപിന്നിലെന്നാണുസംശയം.

കായംകുളം പള്ളിക്കൽ നടുവിലേമുറി മീനത്തിൽ രമണൻ(47) മരിച്ചെന്ന് അറിയിച്ചതാണു വിവാദമായത്. കോവിഡ് ഐ.സി.യു.വിൽ ചികിത്സയിലായിരുന്ന രമണൻ മരിച്ചതായി പത്തിനാണു ബന്ധുക്കളെ അറിയിച്ചത്. ആ സമയത്ത് അദ്ദേഹം മരിച്ചിട്ടില്ലായിരുന്നു. അത് വൻ വിവാദമാവുകയും ആരോഗ്യമന്ത്രി വീണാജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ട് സജീവ് ജോർജ് പുളിക്കലിനോടു വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

പന്ത്രണ്ടാംതീയതിയാണു രമണൻ മരിച്ചത്. മൃതദേഹം ബന്ധുക്കളേറ്റുവാങ്ങി സംസ്കരിക്കുകയും ചെയ്തു. അതിനുശേഷം 17-ന് ഉച്ചയ്ക്കുരണ്ടിനും മൂന്നിനുമിടയിൽ രമണന്റെ ബന്ധുവായ സജിത്തിന്റെ ഫോണിലേക്ക് ആരോ വിളിച്ച് രമണന്റെ രോഗാവസ്ഥയിൽ മാറ്റമുണ്ടെന്നറിയിച്ചു. എന്നാൽ, രമണൻ മരിച്ചവിവരം അറിയിച്ചയുടൻ ഫോൺ കട്ട്‌ ചെയ്തു. പിന്നീട്, പലവട്ടം ആ നമ്പരിലേക്കുവിളിച്ചിട്ടും കിട്ടിയിട്ടില്ലെന്നാണു സജിത്ത് പറഞ്ഞത്.

സംഭവുമായി ബന്ധപ്പെട്ടും അതിനുശേഷവുംവന്ന ഫോൺകോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സൂപ്രണ്ട്, ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. തുടർന്നുനടന്ന അന്വേഷണത്തിലാണ് ഫോൺവിളിച്ചയാളെ തിരിച്ചറിഞ്ഞത്. ആസൂത്രിത ഗൂഢാലോചനയുണ്ടോയെന്നു സംശയിക്കുന്നുണ്ട്. ഇയാളെ ചോദ്യംചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.

മെഡിക്കൽ കോളേജാശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളെക്കുറിച്ചുള്ള വിവരം നാലുദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ അറിയിക്കാതിരുന്നതു നേരത്തേ വിവാദമായിരുന്നു. തുടർന്ന് സൂപ്രണ്ട് സ്ഥാനത്തുനിന്ന് ഡോ. ആർ.വി. രാംലാലിനെ മാറ്റുകയുംചെയ്തു. തുടർന്ന് സജീവ് ജോർജ് പുളിക്കൽ സൂപ്രണ്ടായപ്പോഴാണു പുതിയസംഭവങ്ങൾ ഉണ്ടായത്.

സത്‌പേര്‌ നശിപ്പിക്കുന്നു

മെഡിക്കൽ കോളേജ് ആശുപത്രിയുടെ സത്‌പേരിനു കളങ്കമുണ്ടാക്കാൻ ആസൂത്രിതനീക്കമുണ്ടോയെന്നു സംശയമുണ്ട്. രമണന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിനു പരാതി നൽകിയത് അതുകൊണ്ടാണ്. മറ്റൊരുരോഗിയുടെ കാര്യത്തിലും സമാനമായ രീതിയിൽ ഫോൺവിളി ഉണ്ടായി.

-സജീവ് ജോർജ് പുളിക്കൽ

സൂപ്രണ്ട്, ആലപ്പുഴ മെഡിക്കൽ കോളേജ്