കോഴിക്കോട്: ഇന്ത്യൻ ക്രൈസ്തവസഭാചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മെത്രാനായിരുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി ജനമനസ്സിൽ ഇടംനേടിയ വലിയ ഇടയനാണെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടറും എം.പി.യുമായ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. സഭാചുമതലകളിൽനിന്ന് വിടുതൽനേടിയശേഷവും അദ്ദേഹം കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ചിന്തകൾക്കും അതീതമായി എല്ലാവരുടെയും ബഹുമാനം നേടിക്കൊണ്ടേയിരുന്നു.

അദ്ദേഹത്തിന്റെ നർമബോധം എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ആ ചിരിയും നന്മയുംതന്നെയാണ് നൂറ്റിനാലാം വയസ്സുവരെ അദ്ദേഹത്തിന്റെ ആയുസ്സ്‌ നീട്ടിയതെന്നാണ് വിശ്വസിക്കുന്നത്. മാതൃഭൂമിയുമായി അദ്ദേഹം ഊഷ്മളബന്ധമാണ് സൂക്ഷിച്ചിരുന്നത്. വിയോഗം സഭയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

നഷ്ടമായത് മറക്കാനാവാത്ത സുഹൃത്തിനെ -മമ്മൂട്ടി

ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗം എന്നെ സംബന്ധിച്ച് വലിയൊരു സുഹൃത്തിനെ നഷ്ടപ്പെടലാണ്. അങ്ങനെ പറയുന്നതാണ് ശരി. കാരണം ഞാനൊരു സിനിമാനടനും അദ്ദേഹമൊരു മഹാപുരോഹിതനും എന്നതിനപ്പുറം രണ്ട് സാധാരണക്കാർ തമ്മിലുള്ള സ്നേഹമായിരുന്നു അത്. ജീവകാരുണ്യസംഘടനയായ കെയർ ആൻഡ് ഷെയർ വഴിയുള്ള പരിചയമായിരുന്നു അദ്ദേഹവുമായി.

ജന്മദിനംപോലുള്ള പരിപാടികളിൽ അദ്ദേഹം എന്നെ വിളിക്കാറുണ്ട്. അത്തരത്തിൽ വളർന്നുവന്ന ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ നർമവും ലോകവിവരവും ഫിലോസഫിയും നമുക്ക് എപ്പോഴും ഓർത്തിരിക്കാൻ സാധിക്കുന്നതാണ്.

ആത്മീയതേജസ്സ്- പി.എസ്. ശ്രീധരൻ പിള്ള

മികച്ച ആത്മീയതേജസ്സുകളിൽ ഒന്നായിരുന്നു മാർത്തോമ വലിയ മെത്രാപ്പൊലീത്ത ക്രിസോസ്റ്റം തിരുമേനിയെന്ന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. സർവധർമസമഭാവം ഉയർത്തിപ്പിടിക്കുകയും നന്മയുടെ പ്രകാശഗോപുരമായിത്തീരുകയും ചെയ്ത തിരുമേനിയുടെ വേർപാടിൽ ദുഃഖിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു.