ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ചെറുചിരികളിലൂടെ വലിയ ചിന്തകൾ പകർന്ന ആത്മീയഗുരുവാണ്. ആറു പതിറ്റാണ്ട് ബിഷപ്പായി സേവനമനുഷ്ഠിച്ച മാർ ക്രിസോസ്റ്റം ആത്മീയതയുടെ പ്രസന്നഭാവത്താൽ  ജാതിമതങ്ങൾക്കതീതമായി ഒരുനാടിന്റെ പ്രിയപ്പെട്ടവനായി. അൾത്താരകളിലും പള്ളിമേടകളിലുംനിന്ന് ക്ഷേത്രങ്ങളിലേക്കും ഇതരസമുദായ മനസ്സുകളിലേക്കും ഇറങ്ങിനടന്ന അസാധാരണജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ദൈവമേതായാലും ദർശനം ഒന്നാണെന്ന കാഴ്ചപ്പാടിലേക്ക് ചിരിയിലൂടെ അദ്ദേഹം വഴിതുറന്നു. അറുപതു പിന്നിട്ട കേരളത്തെ നോക്കി ‘ഇനിയും വളരാനുണ്ട് കേരളമേ’ എന്ന് അദ്ദേഹം പരിഹസിച്ചു.

നിയമസഭയുടെ ചടങ്ങിൽനിന്ന്‌ ഇറങ്ങിവന്ന് മാരാമണ്ണിലെ പമ്പയെ നോക്കി അദ്ദേഹം ചോദിച്ചു. വെള്ളം പൊങ്ങുമ്പോൾ മടക്കിയുടുക്കാൻ മലയാളിക്കു മുണ്ടെങ്കിലും ബാക്കി കാണുമോ എന്ന്. 1918 ഏപ്രിൽ 27ന് തിരുവല്ല ഇരവിപേരൂരിൽ ജനിച്ച ഫിലിപ്പ് ഉമ്മൻ 1944ലാണ് പൗരോഹിത്യത്തിന്റെ വിശുദ്ധപാതയിലേക്ക് കടക്കുന്നത്. പിതാവ് റവ.കെ. ഇ.ഉമ്മൻ വികാരി ജനറാൾ ആയിരുന്നു. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ സ്കൂളുകളിലായിരുന്നു പഠനം. ദേശീയ പ്രസ്ഥാനത്തിന്റെ ഇടമുറിയാത്ത തീച്ചൂടേറ്റുവാങ്ങിയ കാലം അദ്ദേഹത്തെയും സ്വാധീനിച്ചു. സാമൂഹിക പ്രവർത്തനത്തിന്റെ വഴികളിലേക്കു വന്നെത്തിയത് മഹാത്മാവിന്റെ വാക്കുകളുടെ സ്വാധീനത്തിലും. യേശുദേവന്റെ പ്രകാശം ഏറ്റുവാങ്ങി അദ്ദേഹം  പൗരോഹിത്യത്തിന്റെ വിശുദ്ധിയും കണ്ടെത്തി. പിന്നിൽ നിൽക്കുവരുടെ കണ്ണീരും അവരോടുള്ള കടമയും നിരന്തരം ഓർമിപ്പിച്ച മാർ ക്രിസോസ്റ്റം അതാണ് യഥാർഥ ആരാധനയെന്ന് വിളിച്ചുപറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലും അതിന്റെ  വെളിച്ചമുണ്ടായിരുന്നു. അൾത്താരയ്ക്കു പകരം ആൾക്കൂട്ടത്തിലേക്ക് മിഴിയയച്ച സംന്യാസ ജീവിതം എന്ന് അദ്ദേഹത്തിന്റെ ജീവിതയാത്രയെ വിശേഷിപ്പിക്കാം.

മെത്രാൻ പദവിയിലെത്തുന്നവർ നടന്നുപോയ വഴികളിൽനിന്ന് തനിക്കുമാത്രം കഴിയുന്ന അനായാസത്തോടെ അദ്ദേഹം മാറിനടന്നു. ശുശ്രൂഷകൾ അർപ്പിക്കുകയും ചടങ്ങുകളിൽ മുൻനിരക്കാരനായി നിൽക്കുകയും ചെയ്യുമ്പോഴും ചടങ്ങുപോലെ തീരുന്ന ആത്മീയതയെ പരിഹസിച്ചു. മറ്റൊന്നാണ് ദൈവം പറഞ്ഞിട്ടുള്ളതെന്ന് ഓർമിപ്പിച്ചു. അടയ്ക്കാ പറിച്ചെടുത്ത കുഞ്ഞൂട്ടിയാണ് തന്നെ ബിഷപ്പാക്കിയതെന്ന് പലവട്ടം വിളിച്ചുപറഞ്ഞു. എല്ലാ ജീവിതങ്ങളിലും അന്യന്റെ വിയർപ്പും തഴമ്പും ഇഴപാകിയിട്ടുണ്ടെന്നു തന്നെ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞുകൊടുത്തു. മുമ്പേ പോകുന്നവർ വഴി വെട്ടിയവന്റെ ഇന്നലകളെ ഓർക്കുന്നതിനൊപ്പം അവന്റെ ഇന്നത്തെയും നാളത്തെയും വിശപ്പും മനസ്സിൽ കരുതണമെന്ന് എഴുതിവെച്ചു. തനിക്ക് അച്ഛൻ തന്ന പുരയിടവും വീടും വയോജനങ്ങളുടെ ഭവനമാക്കി അദ്ദേഹം പറഞ്ഞത് സ്വന്തം ജീവിതത്തിലും പാലിച്ചു.

സ്റ്റാർഡ് അഥവാ സൗത്ത് ട്രാവൻകൂർ ഏജൻസി ഫോർ റൂറൽ ഡവലപ്‌മെന്റ് എന്ന പ്രസ്ഥാനം  സമൂഹത്തിലെ പിന്നാക്കക്കാരുടെ വേദനകൾ കണ്ടറിഞ്ഞു. അതിനുമുന്നിൽ മാർ ക്രിസോസ്റ്റം  മുടന്തനായ ആട്ടിൻകുട്ടിക്കൊപ്പമുള്ള ഇടയനെപ്പോലെയായി. 90-ാം പിറന്നാൾ ആഘോഷത്തിലും ഈയൊരു ദർശനം കണ്ടു. നവതി വീടുനിർമാണ പരിപാടി ജാതിമതങ്ങളുടെ അതിരുകൾ ഭേദിച്ച കാരുണ്യമായിരുന്നു. ഭാരതത്തിലെ 1500 കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കിട്ടിയത്. ഈ പരിപാടി ഇന്ത്യയും കടന്ന് മെക്സിക്കോയിലേക്കും വളർന്നിരിക്കുന്നു. വേദനിക്കുവന് മതവും ജാതിയും കെട്ടിയ വേലി പൊളിച്ചുതന്നെ കൈത്താങ്ങ് നൽകാൻ നിരന്തരം ഓർമിപ്പിച്ച തിരുമേനി അതിന് മുതിരാത്തവരെ പരിഹസിച്ചു. അതിന്റെ ചൂടേൽക്കുന്നത് വേണ്ടപ്പെട്ടവരോ സ്വന്തക്കാരോയെന്ന്  നോട്ടമുണ്ടായില്ല. പുല്ലുമേട് ദുരന്തത്തിൽ സഹായ ഹസ്തവുമായി ക്രൈസ്തവസഭകൾ വരാഞ്ഞതിന് കണക്കറ്റ് അദ്ദേഹം വിമർശിച്ചു. ഇത്തരം കാര്യങ്ങളിൽ സഭകൾ മിണ്ടാതിരുന്നാൽ എന്തു സാക്ഷ്യമാണ് നൽകാൻ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു.   അന്ന് സഹായവുമായി ക്രൈസ്തവസഭകൾ രംഗത്തുവന്നിരുന്നുവെങ്കിൽ അത് 100 പ്രസംഗത്തേക്കാൾ ശക്തിയുള്ളതായേനെയെന്ന് തിരുമേനി വിമർശിച്ചു. ആവശ്യത്തിലുള്ളവരെ സഹായിക്കലാണ് ക്രൈസ്തവസാക്ഷ്യമെന്നും ഇങ്ങനെ ചെയ്യാത്തതുകൊണ്ട് കേരളത്തിൽ നല്ല ശമര്യാക്കാരനോ നല്ല ക്രിസ്ത്യാനിയോ ഇല്ലെന്ന്‌ ലോകത്തിനു വെളിപ്പെട്ടതായി അദ്ദേഹം നിരീക്ഷിച്ചു. ക്ഷേത്രത്തിലെ ചടങ്ങിലെത്തിയ തനിക്ക് അവിടുത്തെ പ്രസാദം തരാൻ മേൽശാന്തി മടിച്ചപ്പോൾ മാർക്രിസോസ്റ്റം ചോദിച്ചുവാങ്ങി കഴിച്ചു. 

ക്രൈസ്തവ വിശ്വാസത്തിലുള്ള തിരുമേനി ക്ഷേത്രപ്രസാദം കഴിക്കുമോയെന്ന് സംശയിച്ചതായി സമീപത്തുള്ളവർ പറഞ്ഞു. അമ്പലത്തിൽ പോകുന്നവർ ദേവനുനേദിച്ച അന്നം പ്രസാദമായി കഴിക്കുമ്പോൾ എന്താണ് അവർക്ക് കിട്ടുന്നതെന്ന് അദ്ദേഹം മറുചോദ്യം എയ്തു. ഈശ്വരീയമായ അനുഗ്രഹം എന്നായിരുന്നു മറുപടി. എങ്കിൽ എന്തിന് തനിക്കുമാത്രം അത് നിഷേധിക്കുന്നതെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ ക്ഷേത്രവളപ്പിൽ ചിരിയുടെ ഉത്സവം കൊടിയേറി.  പ്രകൃതിക്കും പരിസ്ഥിതിക്കുംവേണ്ടി ആ നാവ് നിരന്തരം ശബ്ദിച്ചു. വികസനമെന്നത് അതുവരുന്ന സ്ഥലത്തെ ജനങ്ങൾക്ക് ഗുണം കിട്ടാനാകണമെന്ന നിരീക്ഷണം മുന്നോട്ടുവെച്ചു. നാടിനു വേണ്ടാത്ത വികസന സങ്കൽപ്പങ്ങളെ പരിഹസിച്ച് ഇല്ലാതാക്കി. കോഴഞ്ചേരിയിൽ തരിശുകിടന്ന പാടത്ത് വിത്തെറിയാൻ അദ്ദേഹം തിരുവസ്ത്രം ധരിച്ച് ചേറിലിറങ്ങി.

 Content Highlight: Philipose Mar Chrysostom Mar Thoma