തിരുവല്ല: ‘‘വെല്യപ്പോ.. എടാ എബ്രഹാമേ, ഇവിടത്തെ ബില്ലടയ്ക്കെടാ. നമുക്ക് കുമ്പാനാട്ടേക്കു പോകാം’’ -മെഡിക്കൽ കോളേജിൽ ചികിത്സയിൽക്കഴിയുമ്പോൾ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഏറ്റവുംകൂടുതൽ തവണ സഹായി എബ്രഹാമിനോടുപറഞ്ഞ വാക്യങ്ങളിലൊന്ന് ഇതായിരുന്നു. ബില്ലടയ്ക്കാൻ നീ പണമെടുത്തിട്ടില്ലേയെന്ന് കൂടെക്കൂടെ ചോദിക്കും.

മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ് ലഭിച്ച ചൊവ്വാഴ്ച, പുലർച്ചെ മൂന്നിന് ക്രിസോസ്റ്റം മയക്കംവിട്ടുണർന്നു. കരങ്ങൾ കൂട്ടിപ്പിടിച്ച് അഞ്ചുമിനിറ്റ് പ്രാർഥിച്ചു. അവസാനമായി എനിക്കിതേ നിനക്ക് തരാനുള്ളൂവെന്നുപറഞ്ഞ് വീണ്ടും മയങ്ങിയെന്ന് എബ്രഹാം പറഞ്ഞു. രാവിലെ തിരുമേനിയെ വീൽച്ചെയറിലിരുത്തി മുറിക്കുചുറ്റും രണ്ടുവട്ടം കറങ്ങി. 11.30-ഓടെ മെഡിക്കൽ കോളേജ് ജീവനക്കാരോട് യാത്രചോദിച്ച് കുമ്പനാട്ടെ സഭാവക ആശുപത്രിയിലെ വിശ്രമമുറിയിലെത്തി. ഉച്ചയ്ക്ക് ഒരു കഷണം പഴുത്ത മാമ്പഴവും പൊരിച്ച മീനും കഴിച്ചു. ജ്യൂസ് കുടിച്ചു. വൈകീട്ട് ഒരു കപ്പ് കാപ്പി. രാത്രി എട്ടോടെ സൂപ്പ് നൽകിയെങ്കിലും ഒരുകവിൾ കുടിച്ച് തിരിച്ചുനൽകി.

10.30 കഴിഞ്ഞതോടെ ശ്വാസഗതിയിലെ വ്യത്യാസം കണ്ട് ഡോക്ടർമാരെ അറിയിച്ചു. വെള്ളം വേണോയെന്ന് ചോദിച്ചപ്പോൾ തലയാട്ടി. മൂന്ന് സ്പൂൺ വെള്ളം നൽകി. ഡോക്ടർമാരെത്തി ഉടനെ തീവ്രപരിചരണമുറിയിലേക്ക് മാറ്റുകയും ഒന്നേകാലോടെ മരണം സംഭവിക്കുകയുമായിരുന്നു.

ഏഴുവർഷംമുമ്പ് ക്രിസോസ്റ്റത്തിന് ഭക്ഷണം തയ്യാറാക്കിനൽകാനാണ് ഇടുക്കി ഉപ്പുതറ പുത്തൻപറമ്പിൽ എബ്രഹാം ചാക്കോ (56) സഹായിയായി എത്തുന്നത്. അന്നുമുതൽ ആ ബന്ധം ഉറച്ചു. ആദ്യം എബ്രഹാം സാർ എന്നായിരുന്നു വലിയതിരുമേനി കളിയാക്കിവിളിച്ചിരുന്നതെങ്കിൽ പിന്നീട് വെല്യപ്പൻ എന്നാക്കി. എങ്ങോട്ടോ യാത്രപോകുന്ന മൂഡിലായിരുന്നു കുറെനാളായി ക്രിസോസ്റ്റത്തിന്റെ ചിന്തകളെന്ന് എബ്രഹാം ഓർമിക്കുന്നു.