പന്തളം: സ്‌ഫോടക വസ്തുക്കളുമായി യു.പി.പോലീസിന്റെ പിടിയിലായ പന്തളം ചേരിക്കൽ നെസീമ മൻസിലിൽ അൻഷാദ് ബദറുദ്ദീൻ (33) പോപ്പുലർ ഫ്രണ്ട് ഡൽഹി ഓഫീസിലെ സബ് കമ്മിറ്റി ഓർഗനൈസറായിരുന്നെന്ന് പന്തളം പോലീസ്.

നാട്ടിൽ വന്നുമടങ്ങിയത് ജനുവരി അവസാനമാണ്. ഫെബ്രുവരി 11വരെ ഫോണിൽ ഭാര്യ മുഹ്‌സിനയുമായി നാട്ടിലേക്ക്‌ ബന്ധപ്പെട്ടിരുന്ന ഇയാളെപ്പറ്റി പിന്നീട് വിവരമൊന്നും കിട്ടാതായപ്പോൾ ഇവർ പന്തളം പോലീസിൽ, കാണ്മാനില്ലെന്നുകാണിച്ച് പരാതി നൽകിയിരുന്നു. പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുധനാഴ്ച പോലീസ് ഇവരുടെ മൊഴിരേഖപ്പെടുത്തി എഫ്.ഐ.ആർ. തയ്യാറാക്കി. കോഴിക്കോട് വടകര സ്വദേശി ഫിറോസ്ഖാനൊപ്പം ട്രെയിനിൽ യാത്രചെയ്ത അൻഷാദിനെ ചൊവ്വാഴ്ചയാണ് യു.പി.സ്പെഷ്യൽ ടാസ്‌ക്‌ ഫോഴ്‌സ് പിടികൂടിയത്.

ഇയാളെക്കുറിച്ചുള്ള വിശദവിവരങ്ങൾ പന്തളം പോലീസിന് കൈമാറിയിട്ടില്ലെന്ന് പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ പറഞ്ഞു. കുടുംബവീടായ പുത്തൻകുറ്റിയിൽ വീടിനുസമീപം വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു അൻഷാദും ഭാര്യയും മൂന്ന് കുട്ടികളും. ഇടയ്ക്ക് ഡൽഹിയിലെ ഓഫീസിൽ പോയിരുന്ന ഇയാൾ ലോക്ഡൗൺ കാലത്ത് നാട്ടിൽ പച്ചക്കറി, മീൻകച്ചവടമായിരുന്നു.

ജനുവരിയിൽ ഡൽഹിക്കുപോയശേഷം എല്ലാ ദിവസവും ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് ഭാര്യ മുഹ്‌സീന പറഞ്ഞു. ഫെബ്രുവരി 16-ന് നാട്ടിലെത്തുമെന്ന് വിവരവും നൽകിയിരുന്നു. എന്നാൽ, ഫെബ്രുവരി 11മുതൽ അൻഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും കിട്ടാതായതോടെയാണ് പോലീസിനെ സമീപിച്ചതെന്നും ഇവർ പറഞ്ഞു.

11-ന് തീവണ്ടിയിലാണ്‌ ഇയാൾ യു.പി.യിൽ എത്തിയതെന്നാണ് എസ്.ടി.എഫ്. വെളിപ്പെടുത്തിയിട്ടുള്ളത്. 2010-ൽ ചേരിക്കലിലുണ്ടായ ഡി.വൈ.എഫ്.ഐ. എസ്.ഡി.പി.ഐ. സംഘർഷത്തിലെ നാലാം പ്രതിയായ അൻഷാദ് വിചാരണയുടെ ഭാഗമായി ബുധനാഴ്ച അടൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകേണ്ടതായിരുന്നെന്നും പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ പറഞ്ഞു.

Content Highlights: PFI members arrest