മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരെയും മാറ്റിത്താമസിപ്പിച്ചവരെയും സർക്കാർ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ തുടർവിദ്യാഭ്യാസച്ചെലവുകൾ പൂർണമായി ഏറ്റെടുക്കും. രക്ഷപ്പെട്ട തൊഴിലാളികൾക്കൊപ്പം പ്രദേശത്തുനിന്ന് മാറ്റിത്താമസിപ്പിച്ചവർക്കും പുതിയ വീട് നിർമിച്ചുനൽകും. ഇതിന് സ്ഥലം കണ്ടെത്താൻ കണ്ണൻദേവൻ കന്പനിയോട് സഹായംതേടും.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സച്ചെലവും തുടർചികിത്സ ആവശ്യമുണ്ടെങ്കിൽ അതിന്റെ ചെലവും സർക്കാർ വഹിക്കും. പെട്ടിമുടി ഡിവിഷനിൽനിന്ന് മാറ്റിത്താമസിപ്പിച്ച തൊഴിലാളികൾക്ക് ഇപ്പോൾ താമസിക്കുന്ന പ്രദേശങ്ങളിൽ ജോലിനൽകണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. ഇവരെ മാറ്റിത്താമസിപ്പിച്ച മേഖലകളിലെ ലയങ്ങൾ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കാനും നിർദേശം നൽകി.
മൂന്നാറിൽനിന്ന് ദുരന്തമേഖലയായ പെട്ടിമുടിവഴി ഇടമലക്കുടിവരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.