മറ്റത്തൂര്‍: പെട്രോള്‍ നിറയ്ക്കാന്‍ പമ്പില്‍ വന്നവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ മേല്‍ പെട്രോളൊഴിച്ച് തീകൊളുത്തി. ശരീരത്തില്‍ പടര്‍ന്ന തീയുമായി തൊട്ടടുത്തുള്ള തോട്ടിലെ വെള്ളത്തില്‍ ചാടിയതിനാല്‍ യുവാവ് രക്ഷപ്പെട്ടു. പെട്രോള്‍ ടാങ്കിനടുത്തുവെച്ചാണ് തീകൊളുത്തിയതെങ്കിലും ടാങ്കിന് തീപിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പൊള്ളലേറ്റ മുപ്ലിയം മാണൂക്കാടന്‍ വീട്ടില്‍ നാരായണന്റെ മകന്‍ ദിലീപി (30)നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ മറ്റത്തൂര്‍ ഒമ്പതുങ്ങല്‍ വട്ടപ്പറമ്പന്‍ വീട്ടില്‍ വിനീതി (കരിമണി-29)ന്റെ പേരില്‍ കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

മൂന്നുമുറി, ചേലക്കാട്ടുകര ശ്രീദുര്‍ഗ ഫ്യൂവല്‍സില്‍ ശനിയാഴ്ച നാലുമണിക്കായിരുന്നു സംഭവം. ദിലീപും സുഹൃത്ത് മുപ്ലിയം പുളിഞ്ചോട് പീഠിക്കവീട്ടില്‍ സുരാജുംകൂടി പെട്രോളടിക്കാനെത്തി. രണ്ടായിരത്തിന്റെ നോട്ട് കൊടുത്തു. ചില്ലറയായി പത്തിന്റെ നോട്ടുകള്‍ എണ്ണിവാങ്ങുന്നതിനിടെ വണ്ടി മാറ്റാന്‍ വിനീത് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. കുപ്പിയില്‍ വാങ്ങിവച്ചിരുന്ന പെട്രോള്‍ തര്‍ക്കത്തിനിടെ വിനീത് ദിലീപിന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ബൈക്കില്‍ ഇരിക്കുകയായിരുന്ന ദിലീപ് ഇറങ്ങിയോടി തോട്ടില്‍ ചാടുകയായിരുന്നു. പെട്രോള്‍ ദേഹത്ത് ഒഴിക്കുമെന്ന് സംശയിച്ച് പമ്പിലെ ജീവനക്കാരി പിടിച്ചുവാങ്ങിയിരുന്നു. ഇവരില്‍നിന്ന് വിനീത് കുപ്പി തട്ടിയെടുത്താണ് ദിലീപിന്റെ ദേഹത്തൊഴിച്ച് തീകത്തിച്ചത്. ഇതിനിടെ ജീവനക്കാരിയായ സുധ (40)യുടെ കൈയ്ക്ക് നിസ്സാര പരിക്കേറ്റു.

ദിലീപിനെ ഉടനെ കോടാലിയിലുള്ള മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ശരീരത്തിന്റെ പിന്‍ഭാഗത്തും ഇടതുകൈയ്ക്കും വയറിനുമാണ് പൊള്ളല്‍. മുടിയും കരിഞ്ഞിട്ടുണ്ട്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബൈക്ക് കത്തിനശിച്ചു.

തീപ്പിടിത്തം കണ്ട് വനിതാജീവനക്കാരികള്‍ പകച്ചുപോയി. പൈപ്പ് വഴി വെള്ളം ചീറ്റിച്ചാണ് ബൈക്കിലെ തീയണച്ചത്. പെട്രോള്‍ അടിക്കാന്‍ വന്നവരും ഓടിരക്ഷപ്പെട്ടു. വധശ്രമം ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയാണ് വിനീതെന്ന് വെള്ളിക്കുളങ്ങര എസ്.ഐ. എസ്.എല്‍. സുധീഷ് പറഞ്ഞു.