തിരുവനന്തപുരം: കോഴിവില 87 രൂപയായി കുറയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് കോഴിക്കച്ചവടക്കാര്‍ സമരം തുടങ്ങി. ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നെങ്കിലും ചില വ്യാപാരികള്‍ വിലകുറച്ച് വില്‍ക്കാന്‍ തയ്യാറായി.

ജി.എസ്.ടി. നടപടികള്‍ വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ചൊവ്വാഴ്ച കടകള്‍ അടച്ചിടും. ഒരുവിഭാഗം വ്യാപാരികള്‍ സമരത്തിലില്ല.

ആലപ്പുഴയിലും കോഴിക്കോട്ടുമാണ് വിലകുറച്ച് കോഴി വിറ്റത്. വിലകുറയ്ക്കുന്ന വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. നികുതിയിളവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കില്ലെന്ന് വാശിപിടിക്കുന്ന ചില കുത്തകകള്‍ കോഴികളെ തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനെതിരേ ജനങ്ങള്‍ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു. കെപ്‌കോ വഴി വിലകുറച്ച് സര്‍ക്കാര്‍ കോഴിവില്‍ക്കും.

കോഴി വ്യാപാരികള്‍ക്കെതിരേ ഹോട്ടലുടമകളും രംഗത്തെത്തി. വിലകുറച്ചില്ലെങ്കില്‍ വ്യാഴാഴ്ചമുതല്‍ ചിക്കന്‍വിഭവങ്ങള്‍ വില്‍ക്കില്ലെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ പറഞ്ഞു. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോബിയാണ് ഇവിടെ കോഴിവില കൂട്ടുന്നതെന്നും സംഘടന ആരോപിച്ചു.

ചൊവ്വാഴ്ചമുതല്‍ കോഴിവ്യാപാരം പൂര്‍ണമായും സ്തംഭിക്കുമെന്ന് പൗള്‍ട്രി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്.കെ. നസീര്‍ പറഞ്ഞു. 87 രൂപയ്ക്കുമേല്‍ കോഴി വില്‍ക്കുന്നവര്‍ക്കെതിരേ സര്‍ക്കാരിന്റെയോ ജനങ്ങളുടെയോ ഭാഗത്തുനിന്ന് ഇടപെടലുണ്ടായാല്‍ സംഘടനയ്ക്ക് ഉത്തരവാദിത്വമില്ലെന്നും പൗള്‍ട്രി ഫെഡറേഷന്‍ വ്യാപാരികളെ അറിയിച്ചിട്ടുണ്ട്. ജനം പ്രതികരിക്കണമെന്ന് മന്ത്രി പറഞ്ഞതിനെത്തുടര്‍ന്നാണ് ഈ വിശദീകരണം.

ചൊവ്വാഴ്ച കടകള്‍ അടച്ചിടുമെങ്കിലും സമരം വരുംദിവസങ്ങളിലും തുടരണോയെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ചൊവ്വാഴ്ച തീരുമാനിക്കും. ജി.എസ്.ടി. നടപ്പാക്കുന്നതിനെക്കുറിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി ഉന്നയിക്കുന്ന വിമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കും.തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടും. നിത്യേനയുള്ള വിലമാറ്റത്തില്‍ വ്യാപാരികള്‍ക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പമ്പുകളെല്ലാം തുറക്കും.