കൊച്ചി: ഇന്ധനവില കുതിച്ചുകയറി വിലക്കയറ്റം രൂക്ഷമാകുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തില്‍ അനുകൂല നിലപാടെടുക്കാതെ കേരളം. സംസ്ഥാനനികുതി കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് ആവര്‍ത്തിച്ചു.

പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ചില സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി(വാറ്റ്)യും പ്രവേശനനികുതിയും കുറച്ചു. കേരളവും നികുതി കുറയ്ക്കണമെന്ന സമ്മര്‍ദമുയരുന്നതിനിടെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാറ്റ് കുറച്ചത്. കര്‍ണാടക പ്രവേശനനികുതിയും. ഇവിടങ്ങളില്‍ ഇന്ധനവില രണ്ടുമുതല്‍ നാലുരൂപ വരെ കുറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി രണ്ടുരൂപ കുറച്ചതുമാത്രമാണ് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കിട്ടിയ നേരിയ ആശ്വാസം.

വരുമാനനഷ്ടം ഓര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ വാറ്റ് കുറയ്ക്കാന്‍ തയ്യാറാകാത്തതെന്നാണ് വിലയിരുത്തല്‍. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 5173 കോടി രൂപയായിരുന്നു സംസ്ഥാനത്തിന് ലഭിച്ച ഇന്ധന നികുതി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6899 കോടിയും ലഭിച്ചു.

ഇന്ധനവില കുറച്ച സംസ്ഥാനങ്ങള്‍

കര്‍ണാടക
കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിനുപിന്നാലെ അഞ്ചുശതമാനം പ്രവേശന നികുതി ഉപേക്ഷിച്ചു. പെട്രോളിന് കുറഞ്ഞത് 3.37 രൂപ. ഡീസലിന് 2.79 രൂപ.

ഗുജറാത്ത്
വാറ്റ് കുറച്ചത് നാലുശതമാനം. പെട്രോളിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറഞ്ഞു.

മഹാരാഷ്ട്ര
പെട്രോളിന് 2.01 രൂപയും ഡീസലിന് 1.01 രൂപയും കുറച്ചു

ഹിമാചല്‍പ്രദേശ്
വാറ്റ് ഒരുശതമാനം കുറച്ചു.

മധ്യപ്രദേശ്
പെട്രോളിന് 1.30 രൂപയും ഡീസലിന് 3.94 രൂപയും കുറച്ചു.

േെപട്രാളിലെ വാറ്റ് (സംസ്ഥാനങ്ങള്‍ ഈടാക്കുന്നത് ശതമാനത്തില്‍. ബ്രാക്കറ്റില്‍ വില)

മഹാരാഷ്ട്ര

47(75.41)

കേരളം

34(70.81)

തമിഴ്‌നാട്

34(70.76)


കര്‍ണാടകം

30(69.35)

ഡല്‍ഹി

27(68.29)


ഗുജറാത്ത്

25(67.50)

ഡീസല്‍ വാറ്റ്

(സംസ്ഥാനങ്ങള്‍ ഈടാക്കുന്നത് ശതമാനത്തില്‍. ബ്രാക്കറ്റില്‍ വില)

മഹാരാഷ്ട്ര

29(59.45)


കേരളം

27(60.75)

ഗുജറാത്ത്

25(60.93)


തമിഴ്‌നാട്

25 (59.91)

കര്‍ണാടകം

19(57.16)


ഡല്‍ഹി

18(56.91)

വാറ്റ് കുറയ്ക്കുന്ന കാര്യം ആലോചിക്കാനാകില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും സര്‍ക്കാര്‍ ബുദ്ധിമുട്ടുന്ന സമയമാണിത്. കേന്ദ്രസര്‍ക്കാര്‍ പലതവണയായി പെട്രോളിന് 14 രൂപയും ഡീസലിന് 12 രൂപയും എക്‌സൈസ് നികുതി കൂട്ടിയിരുന്നു. അതുകുറയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്ന് പറയുന്നത് ശരിയല്ല. വാറ്റ് കുറച്ചാല്‍ സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ?
-മന്ത്രി തോമസ് ഐസക്