വിഴിഞ്ഞം: അടിമലത്തുറ കടൽത്തീരത്ത് വളർത്തുനായയെ ചൂണ്ടയിൽ കൊളുത്തി കെട്ടിയിട്ടശേഷം അടിച്ചുകൊന്നു. ചത്തുപോയ നായയെ കെട്ടിവലിച്ച് കടലിൽ താഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പോലീസ്‌ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

അടിമലത്തുറ സ്വദേശികളായ സുനിൽ (22), സിൽവസ്റ്റർ (20) എന്നിവരെയും ഇവർക്കൊപ്പമുണ്ടായിരുന്ന 17-കാരനെയുമാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.

അടിമലത്തുറ സ്വദേശി സോണിയുടെ വീട്ടിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട ബ്രൂണ എന്ന നായയെയാണ് തിങ്കളാഴ്ച രാവിലെ ഇവർ ക്രൂരമായി കൊന്നത്. സോണിയുടെ സഹോദരൻ ക്രിസ്തുരാജാണ് നായയെ പരിപാലിക്കുന്നത്.

മീൻപിടിത്തത്തൊഴിലാളിയായ സുനിലിന്റെ, കടൽത്തീരത്ത് വച്ചിരിക്കുന്ന വള്ളത്തിനടിയിലാണ് പലപ്പോഴും നായ കിടക്കുന്നത്. നായ ഇവിടെ കിടക്കുന്നതിനെച്ചൊല്ലി സുനിൽ സോണിയുടെ വീട്ടുകാരോട് വഴക്കുണ്ടാക്കുമായിരുന്നു. ഒരാഴ്ചമുമ്പ് നായ വള്ളത്തിനടിയിൽ കിടന്നപ്പോൾ സുനിൽ സോണിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയശേഷം സ്രാവിനെ പിടിക്കുന്ന വലിയ ചൂണ്ടയുപയോഗിച്ച് നായയെ കൊളുത്തി വലിച്ചിഴച്ച് കൊണ്ടുപോയിരുന്നു. നാട്ടുകാർ ഇടപെട്ടപ്പോഴാണ് ചൂണ്ടയിളക്കി നായയെ വിട്ടത്. ഇതേത്തുടർന്ന് നായയ്ക്ക് വലിയ മുറിവുപറ്റി.

തിങ്കളാഴ്ച വീട്ടുകാർ പുറത്തുപോയപ്പോൾ നായ കെട്ടഴിച്ചോടി സുനിലിന്റെ വള്ളത്തിനടിയിൽപ്പോയി കിടന്നു. ഇതുകണ്ട സുനിലും സംഘവും നായയെ വലിയ ചൂണ്ടയുപയോഗിച്ച് നെഞ്ചിൽ കൊളുത്തി വള്ളത്തിൽ കെട്ടിത്തൂക്കിയിട്ട് അടിച്ചുകൊന്നു. തുടർന്ന് ചൂണ്ടയോടെ നായയെ വലിച്ചിഴച്ച് കടലിൽ താഴ്ത്തിയെന്ന് ഇവർ പോലീസിന് മൊഴി നൽകി. നായയുടെ ജഡം ഇതുവരെയും കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു.

സംഘത്തിലുണ്ടായിരുന്ന 17-കാരൻ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതിനെത്തുടർന്നാണ് സംഭവം വിഴിഞ്ഞം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിഴിഞ്ഞം ഇൻസ്‌പെക്ടർ ജി.രമേശ്, എസ്.ഐ. സി.ബി. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അടിമലത്തുറയിൽ നിന്ന് മൂന്നംഗ സംഘത്തെ അറസ്റ്റുചെയ്തു. ഇവർക്കെതിരേ മൃഗങ്ങൾക്കെതിരേ നടത്തുന്ന ക്രൂരതയ്‌ക്കെതിരേ വിഴിഞ്ഞം പോലീസ് കേസെടുത്തു.

content highlights: pet dog beaten to death in thiruvananthapuram