
പെരുമ്പാവൂർ: മാവോവാദി നേതാവ് മല്ലരാജ റെഡ്ഡിയെ എട്ടുകൊല്ലംമുമ്പ് പെരുമ്പാവൂരിൽനിന്നാണ് പോലീസ് അറസ്റ്റുചെയ്തത്. കാഞ്ഞിരക്കാട്ടെ ഒരു വാടകവീട്ടിൽ മാസങ്ങളായി താമസിച്ചുവരികയായിരുന്നു റെഡ്ഡി. ഇയാൾ കരിങ്കൽ ക്വാറിയിൽ ജോലിയും ചെയ്തിരുന്നു.
താമസസ്ഥലത്തുനിന്ന് മാവോവാദി സംഘടനകളുടെ ലഘുലേഖകൾ പിടിച്ചെടുത്തു. അയൽവാസികളോ ലോക്കൽ പോലീസോ റെഡ്ഢിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പെരുമ്പാവൂരിലെത്തുന്ന ഇതര സംസ്ഥാനക്കാരിൽ രേഖകളില്ലാത്ത ബംഗ്ളാദേശികൾ ധാരാളമുണ്ട്. സൂചന കിട്ടിയാൽ പോലീസെത്തി കസ്റ്റഡിയിലെടുക്കും. ഇവരെ ജാമ്യത്തിലെടുക്കാൻ ആരും വരാറില്ല. കുറച്ചുനാൾ കഴിഞ്ഞ് നാട്ടിലേക്കു പറഞ്ഞയക്കും. ഇതാണു പതിവ്. ഇപ്പോൾ പോലീസ് പരിശോധന അയഞ്ഞമട്ടാണ്.
അയൽരാജ്യത്തുനിന്ന് ബ്രഹ്മപുത്ര താണ്ടി മുർഷിദാബാദിലെത്തിയ ശേഷമാണ് കേരളത്തിലേക്കുള്ള റെയിൽ മാർഗം തേടുന്നത്. മുർഷിദാബാദിലും മറ്റും ചെറിയ കൈക്കൂലി നൽകി സംഘടിപ്പിക്കുന്ന വില്ലേജ് ഓഫീസിൽനിന്നുള്ള രേഖയാണ് കൈയിലുണ്ടാവുക. ഇവിടെ എത്തിയാൽ പ്ലൈവുഡ് കമ്പനികളിലോ ക്വാറികളിലോ കഴിയുന്നു.
കഴിഞ്ഞദിവസം പിടിയിലായ അൽ ഖ്വയ്ദ ഭീകരവാദി കുടുംബസമേതം മാസങ്ങളായി മുടിക്കല്ലിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ഇയാൾ ഇവിടെ തൊഴിലും ചെയ്തിരുന്നു. രാജ്യംവിട്ട് പോരണമെങ്കിൽ രേഖകൾ വേണമെന്നുപോലും അറിയാത്തവരാണ് പലരും. തൊഴിലില്ലായ്മ രൂക്ഷമാവുമ്പോൾ ഇവർ എന്തിനും തയ്യാറാവുന്നു.
ഇവിടെ നിശ്ശബ്ദർ; പ്രവർത്തനം പുറത്ത്
തിരുവനന്തപുരം: ഭീകരവാദബന്ധമുള്ള ചിലരെങ്കിലും സുരക്ഷിതതാമസത്തിനായി കേരളം തിരഞ്ഞെടുക്കുന്നുവെന്ന് പോലീസ്. മറ്റു സംസ്ഥാനങ്ങിൽനിന്നെത്തിയവരിൽ സംശയമുണർത്തുന്ന ചിലരെക്കുറിച്ച് കേന്ദ്ര ഏജൻസികളെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
സാമൂഹികമാധ്യമനിരീക്ഷണങ്ങളിലൂടെയും വിവരശേഖരണത്തിലൂടെയുമാണ് പോലീസിനും ഇന്റലിജന്റ്‌സ് വിഭാഗത്തിനും സൂചനകൾ ലഭിച്ചത്. കേരളത്തിനു പുറത്തു പ്രവർത്തനങ്ങൾ നടത്തുകയും കേരളത്തിലെത്തി നിശ്ശബ്ദരായി താമസിക്കുകയും ചെയ്യുകയാണ് രീതിയെന്നും പോലീസ് കരുതുന്നു.
പരിശോധനകളില്ലാത്തത് സഹായകരം
സംസ്ഥാനത്തിനകത്ത് ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഉൾപ്പെടാതിരിക്കുകയും പ്രാദേശികമായി ഒരു പ്രശ്‌നങ്ങളിലും ഇടപെടാതിരിക്കുകയുമാണ് ഇവരുടെ രീതി. എറണാകുളം ജില്ലയിൽ ഉൾപ്പെടെ ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ വ്യാജ തിരിച്ചറിയൽ രേഖകളുമായി എത്തി ജോലിചെയ്യുന്നവരുണ്ട്. ഇത്തരത്തിൽ ചിലരെങ്കിലും പോലീസ് നിരീക്ഷണത്തിലുമുണ്ട്.
ബംഗ്ലാദേശികൾ ഉൾപ്പെടെയുളളവർ സംസ്ഥാനത്ത് പലയിടത്തും വ്യാജരേഖകളുമായി താമസിക്കുന്നുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളം താവളമാക്കുന്നവരിൽ ഭീകരബന്ധമുള്ളവർ ഉണ്ടായേക്കുമെന്ന് കേന്ദ്ര ഏജൻസികളും പലപ്പോഴായി സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
അൽഖായിദ ഭീകരൻ അടിമാലിയിൽ തങ്ങിയത് നാലുമാസം
അടിമാലി: കൊച്ചിയിൽ പിടിയിലായ അൽഖായിദ ഭീകരൻ അടിമാലിയിൽ താമസിച്ചതു സംബന്ധിച്ച് ഇടുക്കിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി. പയസ് ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പിടിയിലായവരിൽ യാക്കൂബ് ബിശ്വാസാണ് അടിമാലി-കല്ലാർകുട്ടി റോഡിൽ അമ്പലപ്പടിയിൽ പ്രവർത്തിച്ചിരുന്ന യൂണിറ്റിൽ ജോലിചെയ്തത്.
2017 വരെ പെരുമ്പാവൂർ സ്വദേശി അഷറഫാണ് ഈ സ്ഥാപനം നടത്തിയിരുന്നത്. ഇയാൾതന്നെയാണ് യാക്കൂബിനെ ജോലിക്ക് എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അഷ്റഫ് പിന്നീട് സ്ഥാപനം കൊച്ചുമോന് വാടകയ്ക്കുനൽകി. ശനിയാഴ്ച പിടിയിലായ യാക്കൂബ് 2019 ഫെബ്രുവരിമുതൽ ജൂൺ മൂന്നുവരെ ഇവിടെ ജോലിചെയ്തു. ജൂൺ അഞ്ചിനുള്ള റംസാൻ അവധിക്കുപോയതാണ്. പിന്നീട് എത്തിയിട്ടില്ല.
സമ്പർക്കവിലക്കോടെ യൂണിറ്റിന്റെ പ്രവർത്തനം അടിമാലിയിൽ നിർത്തി. സ്ഥാപനം രാജാക്കാട്ടിൽ പ്രവർത്തനം തുടങ്ങി. രാജാക്കാട്ടിൽ ജോലിചെയ്തോ എന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ജില്ലയിൽ മറ്റെവിടെയെങ്കിലും ഇയാൾ ജോലിചെയ്തിരുന്നോ എന്നും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.