കാഞ്ഞങ്ങാട്: കല്യോട്ടെ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ശരത്‌ലാലിന്റെ ബന്ധുക്കളുടെ നിർണായകമൊഴി. കഴുത്തിനും കാലിനും വെട്ടുകൊണ്ട് മരണ വെപ്രാളത്തിനിടെ ശരത്‌ലാൽ ഗിജിന്റെ പേര് പറഞ്ഞതായി ബന്ധുക്കൾ ദാമോദരനും ജനാർദനനും പറഞ്ഞു. ശരത്‌ലാലിന്റെ അച്ഛൻ സത്യനാരായണന്റെ ജ്യേഷ്ഠനാണ് ദാമോദരൻ. സത്യനാരായണന്റെ അമ്മാവന്റെ മകനാണ് ജനാർദനൻ. കേസിലെ ഏഴാം പ്രതിയായ ഗിജിൻ ജില്ലാ ജയിലിൽ റിമാൻഡിലാണ്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെയാണ് കല്യോട്ടെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ‘ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട 17-ന് ഞങ്ങൾ ബേഡഡുക്ക പഞ്ചായത്തിലെ ജയപുരത്ത് ഒരു കല്യാണത്തിൽ പങ്കെടുത്തിരുന്നു. സത്യനാരായണന്റെ മൂത്ത ജ്യേഷ്ഠന്റെ മകളുടെ ഭർതൃവീടാണ് ജയപുരത്ത്. കുടുംബക്കാർക്ക് എല്ലാവർക്കും കല്യാണത്തിന് ക്ഷണമുണ്ടായിരുന്നു. അന്ന് കല്യോട്ട് ഭഗവതിക്ഷേത്ര കഴകത്തിൽ പെരുങ്കളിയാട്ട സ്വാഗതസംഘം നടന്നതിനാൽ കുറേ വൈകിയാണ് കല്യാണത്തിന് പോയത്. തിരിച്ച് രാത്രി ഏഴരയ്ക്കുമുമ്പേ ഞങ്ങൾ ജീപ്പിൽ കല്യോട്ടെത്തി. ശരത്‌ലാലിന്റെ പെങ്ങൾ അമൃതയുൾപ്പെടെ വീട്ടുകാരായ സ്ത്രീകളും ജീപ്പിലുണ്ടായിരുന്നു. കൂരാങ്കര റോഡിൽ ജീപ്പിന്റെ ഹെഡ്‌ലൈറ്റിൽ ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടു.

ജീപ്പ് നിർത്തിനോക്കിയപ്പോൾ തൊട്ടടുത്ത് ചോരയൊഴുകുന്ന നിലയിൽ ശരത്‌ലാൽ. നിയന്ത്രണംവിട്ട്‌ കരഞ്ഞ അമൃതയെയും മറ്റു സ്ത്രീകളെയും വീട്ടിലേക്ക് പറഞ്ഞയച്ചിട്ട് അതേ ജീപ്പിൽ ശരത്തിനെ എടുത്തുകയറ്റി. ഇത് ആരാപ്പാ ഇങ്ങനെ ചെയ്തേ എന്ന് ഞങ്ങൾ ഒന്നുരണ്ടു വട്ടം നെഞ്ചുപൊട്ടി ചോദിച്ചു. പെട്ടെന്ന് ശരതിന്റെ ഇടറിയ ശബ്ദം. അവൻ ഗിജിൻ.....പിന്നെ ഒന്നും ഉരിയാടിയില്ല. ജീപ്പ് ഓടിച്ചത് സത്യനാരായണന്റെ മരുമകളുടെ മകൻ ആനന്ദാണ്. കല്യോട്ടെത്തിയപ്പോൾ സത്യനാരായണന്റെ മറ്റൊരു അമ്മാവന്റെ മകൻ കെ.ചന്ദ്രൻ അവിടെയുണ്ടായിരുന്നു. അവനെയും കൂട്ടി ജീപ്പ് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് കുതിച്ചു. മംഗളൂരുവിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. അപ്പോഴേക്കും വിവരമറിഞ്ഞ് കല്യോട്ടുള്ള ആളുകൾ കുറേപ്പെർ ജില്ലാ ആസ്പത്രിയിലെത്തിയിരുന്നു. കെ.എസ്.യു. മുൻ ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറും നേരത്തേ ജീപ്പ് ഓടിച്ച ആനന്ദും ശരത്തിനെ കൊണ്ടുപോയ ആംബുലൻസിൽ കയറി. ഞങ്ങളും മറ്റു ചിലരും ജീപ്പിൽ പിന്നാലെ മംഗളൂരു ആസ്പത്രിയിലേക്ക് പോയി. മഞ്ചേശ്വരം കഴിഞ്ഞപ്പോൾ വിവരം വന്നു. ശരത്‌ലാൽ മരിച്ചെന്ന്. തിരിച്ച് കാസർകോട് ജനറൽ ആസ്പത്രിയിലെത്തി. അപ്പോഴേക്കും കൃപേഷ് കൊല്ലപ്പെട്ടുതും അറിഞ്ഞു. അവന്റെ മൃതദേഹവും ജനറൽ ആസ്പത്രിയിലുണ്ടായിരുന്നു...’ ദാമോദരനും ജനാർദനനും സംഭവങ്ങൾ ഒന്നൊന്നായി വിശദീകരിച്ചു. പ്രദേശത്തെ ചില വീടുകളിലെത്തിയും ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തി.

content highlights: periya youth congress workers murder